26 April, 2020 05:58:49 PM


കോട്ടയത്ത് 5 പേര്‍ക്കും ഇടുക്കിയില്‍ 6 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള ആറു പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോട്ടയം ജില്ലയില്‍ ചികിത്സയിലുള്ള  രോഗബാധിതരുടെ എണ്ണം 11 ആയി. കോട്ടയത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകള്‍ കോട്ടയം ജില്ലാ ആശുപത്രിയിലാണ് ശേഖരിച്ചത്. 


കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വടയാര്‍ സ്വദേശിയായ 53കാരന്‍, ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ (32). ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി (25). തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി (33), തലയോലപ്പറമ്പ് വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി (56) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ടു പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്.


സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K