26 April, 2020 05:29:15 PM
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി ശക്തമായ മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴ. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ അടുത്ത അഞ്ച് ദിവസത്തേക്ക് പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്നു വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി (ഏപ്രിൽ 26), കോട്ടയം (ഏപ്രിൽ 27, 29), പത്തനംതിട്ട (ഏപ്രിൽ 28), വയനാട് (ഏപ്രിൽ 30) എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടു മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുതെന്നും നിർദേശമുണ്ട്.
കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ തെക്കു-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാൽ കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മൽസ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. അടുത്ത രണ്ടു ദിവസം ആന്ധ്രാ തീരത്തും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു