26 April, 2020 06:49:39 AM
കിട്ടുമോ രണ്ട് പെഗ് അരിഷ്ടം? കിക്കാകാന്‍ ഒരു മാര്‍ഗ്ഗവുമില്ല!
- കെ.ജി രഞ്ജിത്ത്
കോട്ടയം: മദ്യത്തിന് പകരം അരിഷ്ടം, രണ്ട് ഔണ്‍സ് അടിച്ചാല്‍ പിമ്പിരിയാകുമെന്ന വ്യാജ പ്രചരണവുമായി സോഷ്യല്‍ മീഡിയ. വ്യാജ സന്ദേശം വൈറലായതോടെ അരിഷ്ടത്തിന്‍റെ അമിത ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പും രംഗത്ത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ക്ക് പൂട്ടുവീണതോടെയാണ് വീരപരിവേഷം നല്‍കി അരിഷ്ടത്തിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
പ്രമുഖ കമ്പനികളുടെ വിവിധ അരിഷ്ടങ്ങള്‍ കൃത്യമായ അളവില്‍ യോജിപ്പിച്ച് സേവിച്ചാല്‍ മദ്യത്തിനൊപ്പം ലഹരി ലഭിക്കുമെന്നും അളവ് കൂടുന്നതിന് അനുസരിച്ച് ലഹരി കൂടുമെന്നുമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജപ്രചരണം. ലോക് ഡൗണില്‍ മദ്യം കിട്ടാത്തവര്‍ക്കുള്ള പുതിയ ടിപ്‌സാണിത് എന്ന തലക്കെട്ടൊടെയാണ് ഇത്തരം സന്ദേശങ്ങള്‍ വാട്‌സപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംഗതി വൈറലായതോടെ അരിഷ്ടം അന്വേഷിച്ച് ആയുര്‍വേദ മരുന്നുകടകളിലെത്തുന്നവരുടെ എണ്ണം കൂടി.
മരുന്നിനായല്ലാതെ അരിഷ്ടംപോലുള്ളവയുടെ അമിതോപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആയൂര്‍വേദവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി വ്യാജസന്ദേശക്കാരെ പിടികൂടാന്‍ പൊലീസും, മരുന്നിന്‍റെ ദുരുപയോഗം തടയാന്‍ എക്‌സൈസും രംഗത്തിറങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് വില്‍ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം എക്‌സൈസ് വകുപ്പ് പുറപ്പെടുവിപ്പിച്ചുണ്ട്. മദ്യത്തിന് പകരമായി വീര്യം കൂടിയ അരിഷ്ടങ്ങള്‍ കലര്‍ത്തി ചില മരുന്നുകട ഉടമകള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് എക്‌സൈസിന്‍റെ നടപടി.
അംഗീകൃത ലൈസന്‍സുള്ള ആയുര്‍വേദ മരുന്ന് കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് എക്‌സൈസ് നല്‍കുന്ന നിര്‍ദേശം. കൂടിയ അളവില്‍ മദ്യം അടങ്ങിയിട്ടുള്ള ആയുര്‍വേദ മരുന്നുകള്‍ ഒരുമിച്ച് ചേര്‍ത്ത് ചിലര്‍ അരിഷ്ടമെന്ന പേരില്‍ വില്‍പന നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഷായമെന്ന വ്യാജേന ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ ചില ആയൂര്‍വേദ ഷോപ്പുകളില്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇതോടെയാണ് അരിഷ്ടത്തിന്‍റെയും മറ്റും ദുരുപയോഗം തടയുന്നതിനായി ആരോഗ്യവകുപ്പ് കര്‍ശനനിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയത്.
ഡോക്ടറുടെ കുറുപ്പടിയില്ലാതെ മരുന്നുകള്‍ വില്‍ക്കരുതെന്നും, കുറുപ്പടിയുടെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കണമെന്നും കട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ് പ്രധാനം. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കണമെന്നും ആരോഗ്യവകുപ്പ് മരുന്ന് കടകള്‍ക്കും മറ്റ് ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. കൂടാതെ ആവശ്യമെങ്കില്‍ കുറുപ്പടി എഴുതി നല്‍കിയ ഡോക്ടറെ ഫോണില്‍ വിളിച്ച് നിജസ്ഥിതി മനസിലാക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.എന്നാല്‍ ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല.
അരിഷ്ടം തുടങ്ങിയ മരുന്നുകളുടെ അമിതോപയോഗം അപകടം വിളിച്ച് വരുത്തുമെന്ന് ഡോ. പാര്‍വ്വതി മനോഹര്‍ പറയുന്നു. ഓരോ രോഗാവസ്ഥയ്ക്കും നിശ്ചിത അളവില്‍ ഘട്ടം ഘട്ടമായാണ് ആയൂര്‍വേദത്തില്‍ മരുന്നുകള്‍ വിധിക്കുന്നത്. രോഗിയുടെ ആരോഗ്യം, ത്രിദോഷ ലക്ഷണങ്ങള്‍, രോഗം എന്നിവയെല്ലാം പരിഗണിച്ചാണ് മരുന്ന് നല്‍കുന്നത്. ആയുവേദത്തിലെ പ്രധാന ഔഷധങ്ങളിലൊന്നാണ് അരിഷ്ടം. വീഞ്ഞിന്‍റെ നിര്‍മ്മാണ രീതിയോട് ഏതാണ്ട് സാമ്യമുള്ള തരത്തിലാണ് അരിഷ്ടത്തിന്‍റെ നിര്‍മ്മാണവും.
അരിഷ്ടത്തിൽ ആൽക്കഹോളിന്‍റെ അംശമുണ്ടെങ്കിലും, മദ്യത്തിന്‍റെ വീര്യമോ, ലഹരിയോ ഇതിനില്ല. രോഗത്തിന്‍റെ അവസ്ഥയനുസരിച്ച് ചെറിയ അളവിലാണ് അരിഷ്ടം നല്‍കുന്നത്. ഒരാള്‍ക്ക് പരമാവധി 25 മുതല്‍ അമ്പത് മില്ലി ഔഷധമാണ് സാധാരണ നല്‍കാറുള്ളത്. അതില്‍ കൂടുതലായാല്‍ ശരീരത്തിന് ഹാനികരമാണ്. ലഹരി ലഭിക്കുമെന്ന മിഥ്യാബോധത്തോടെ ഇവ അമിതമായി ഉപയോഗിച്ചാല്‍ കരള്‍, ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോ.പാര്‍വ്വതി ചൂണ്ടികാട്ടുന്നു.