25 April, 2020 01:04:19 PM


വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ എയർലിഫ്റ്റ് ചെയ്യാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ



ദില്ലി: രാജ്യത്ത് ലോക്ക്ഡൌൺ അവസാനിക്കുന്ന മെയ് മൂന്നിന് ശേഷം വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം. വിദേശത്തുള്ള പൗരന്മാരുടെ വിശദാംശങ്ങൾ തേടുന്നതിന് സർക്കാർ എല്ലാ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും അന്തിമ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.


തിരികെയെത്തിക്കുന്നവരെ ക്വാറന്‍റൈൻ ചെയ്യുന്നതിനുള്ള സൌകര്യങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിക്കുന്നുണ്ട്. മറ്റുള്ളവരുമായി ബന്ധപ്പെടാതെ നിരീക്ഷണകാലയളവ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. വിദേശത്തുനിന്ന് കൊണ്ടുവരുന്നവരെ അവരവരുടെ നാട്ടിൽ ക്വാറന്‍റൈൻ ചെയ്യുന്നതിനുള്ള സൌകര്യം ഏർപ്പെടുത്തിയതിന് സമീപത്തുള്ള വിമാനത്താവളങ്ങളിലായിരിക്കും എത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഇതിനകം ചില മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. അവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായാണ് വിവരം.


രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ എയർലിഫ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നത്.


കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായാണ് വിമാനങ്ങളും ട്രെയിനുകളും സർവീസ് നിർത്തിവെച്ച് ലോകത്തെ ഏറ്റവും കർശനമായ ലോക്ക്ഡൌണുകളിലേക്ക് ഇന്ത്യ കടന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ലോക്ക്ഡൌണിന്റെ രണ്ടാം ഘട്ടം അവസാനിച്ചുകഴിഞ്ഞാൽ അത്തരം പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സർക്കാർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവരെ തിരികെക്കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുന്നത് വരെ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും കേന്ദ്രം പറയുന്നു. 


ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകൾ ഞായറാഴ്ച 26,000 കടന്നു. മരണസംഖ്യ 824 ആയി ഉയർന്നു. ആകെ റിപ്പോർട്ട് ചെയ്ത 26,496 കേസുകളിൽ 19,868 പേരാണ് ചികിത്സയിലുള്ളത്. 5,803 പേർ രോഗമുക്തി നേടി. നോവെൽ കൊറോണ വൈറസ് ലോകമെമ്പാടും 2 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായി. രോഗബാധയേറ്റവരുടെ എണ്ണം ലോകത്താകമാനം 30 ലക്ഷത്തിലേക്ക് കടക്കുകയാണ്. അമേരിക്ക, സ്‌പെയിൻ, ഇറ്റലി എന്നിവിടങ്ങളിലാണ് പകുതിയിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി 10 ന് ചൈനയിലെ വുഹാനിലാണ് ഈ രോഗവുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 91 ദിവസം പിന്നിട്ടപ്പോൾ 2,00,000 ആയി ഉയർന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K