25 April, 2020 01:00:43 PM
കോട്ടയത്തുനിന്നും ഊരു ചുറ്റാനിറങ്ങിയ 3 യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി
പാലക്കാട്: നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പൊലീസ് കൊറോണ സെല്ലിലാക്കിയത്. ചിറ്റൂർ കോട്ടമലയിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ച യുവാക്കളാണ് നാട്ടിൽ കറങ്ങിനടന്നത്. ഇതേതുടർന്ന് പൊലീസെത്തി കേസെടുത്ത് കൊറോണ കെയർ സെല്ലിലാക്കുകയായിരുന്നു.
കഴിഞ്ഞ 20നാണ് സംഭവം. സർക്കാർ നല്‍കിയ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചാണ് ഇവർ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്ന് രാത്രി അട്ടപ്പാടിയിലെ കോട്ടമലയിലെത്തിയത്. 21-ന് പൊലീസ് പിടിയിലായ ഇവരെ നിയമലംഘനം നടത്തിയതിന് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്ന് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
ഇതേതുടർന്നാണ് ഇവരെ കൊറോണ കെയർ സെല്ലിലേക്ക് മാറ്റാൻ അധികൃതർ നിർദേശിച്ചു. എന്നാൽ ഇവർ പാട്ടത്തിന് കൃഷി ചെയ്യുന്നതിനായാണ് അട്ടപ്പാടിയിൽ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം ഇത്രയും നിയന്ത്രണങ്ങൾ വെട്ടിച്ച് ഇവർ ലോക്ഡൗൺ കാലത്ത് എങ്ങനെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് അട്ടപ്പാടിയിലെത്തിയെന്നതും ദുരൂഹമാണ്.