24 April, 2020 04:38:46 PM
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടിക്കില്ലെന്ന് ഉടമകൾ
തൃശൂര്‍: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടിക്കേണ്ടെന്ന തീരുമാനവുമായി ബസുടമകള്‍. കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങളും കടുത്ത നിബന്ധനകളും പാലിച്ച് ബസ് സര്‍വീസ് നടത്തുക അസാധ്യമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകളുടെ തീരുമാനം.
ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്കി. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍നിന്ന് പിന്മാറുമെന്ന് കരുതുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 12,600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരു മാസമാകുന്നു. ഇതില്‍ 12,000 ബസുകള്‍ ലോക്ക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന. അരലക്ഷത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകുമെന്നതിനപ്പുറം യാത്രക്കാരും ബസുകള്‍ ഓടാതാകുന്നതോടെ കഷ്ടപ്പാടിലാകും. കനത്ത സാമ്പത്തിക ബാധ്യത സഹിച്ച് ഒരു തരത്തിലും സര്‍വീസ് നടത്താനാകില്ലെന്ന് ഉടമകള്‍ പറയുന്നു.
ഒരു ബസില്‍ പതിനഞ്ചോളം യാത്രക്കാരെ മാത്രം കയറ്റി സര്‍വീസ് നടത്താന്‍ പറ്റില്ലെന്നും ഉടമകള്‍ വ്യക്തമാക്കി. ഇതിനു പുറമേ കുറഞ്ഞത് രണ്ടുമാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കിലേ ഇന്‍ഷ്വറന്‍സിലും നികുതിയിലും ഇളവു ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്കാന് കാരണമാണ്.
മേയ് മൂന്നിന് ലോക്ക്ഡൗണ്‍ തീര്‍ന്ന് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നാലും ബസുകള്‍ നിരത്തിലിറക്കേണ്ടെന്ന തീരുമാനമാണ് ഭൂരിഭാഗം ഉടമകളും കൈക്കൊണ്ടിരിക്കുന്നത്.