24 April, 2020 03:04:40 PM


ജീവനക്കാരുടെ പിടിച്ച ശമ്പളം തിരികെ നൽകുന്നത് 6 മാസത്തിനു ശേഷം തീരുമാനിക്കാം; മന്ത്രി



തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരിൽ നിന്നും പിടിക്കുന്ന ശമ്പളം തിരികെ നൽകുന്നതിനെ സംബന്ധിച്ച് 6 മാസംത്തിന് ശേഷമേ തീരുമാനം എടുക്കാൻ കഴിയൂവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പണം തിരികെ ലഭിക്കുകയില്ലെന്ന പ്രശ്നം ഉണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
"ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയല്ല മറിച്ച് മാറ്റിവെക്കുകയാണ്. ഇത് തിരികെ നൽകേണ്ടി വരും. ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നൽകുകയല്ല മറിച്ച് സർക്കാർ ആ തുക സമാഹരിച്ച് നൽകുകയാണ് ചെയ്യുന്നത്."- ഡോ. ഐസക്ക് പറഞ്ഞു. 


ആറു ദിവസത്തെ ശമ്പളം അഞ്ചു മാസമായി പിടിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇരുപതിനായിരം രൂപയിൽ താഴെ ശമ്പളമുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. പിടിക്കുന്ന ശമ്പളം മടക്കി നൽകുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അതു സംബന്ധിച്ചുള്ള പരാമർശങ്ങളൊന്നും ഉത്തരവിൽ ഇല്ലെന്ന് ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K