23 April, 2020 09:24:30 PM


ചികിത്സയ്ക്ക് കോയമ്പത്തൂരിൽ പോയ കുരുന്ന് വഴിയില്‍ കുരുങ്ങി; സഹായവുമായി മുഖ്യമന്ത്രി

മാണി സി കാപ്പൻ എം എൽ എയുടെ ഇടപെടൽ നിർണ്ണായകമായി



- സുനില്‍ പാലാ


പാലാ: കോയമ്പത്തൂരിലെ ആശുപത്രിയിൽ അടിയന്തിര നേത്രചികിത്സയ്ക്കായി പോയശേഷം നാട്ടിലേയ്ക്ക്  മടങ്ങും വഴി വാളയാർ ചെക്കു പോസ്റ്റിൽ കുടുങ്ങിയ കുരുന്നിനും കുടുംബത്തിനു സഹായകമായി മുഖ്യമന്ത്രി. മാണി സി കാപ്പൻ എം എൽ എയുടെ നിർണ്ണായക ഇടപെടലിലൂടെയാണ് കുരുന്നിനും മാതാപിതാക്കൾക്കും വാളയാർ ചെക്കു പോസ്റ്റ് കടക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പാസ് അനുവദിച്ചത്.


മൂവാറ്റുപുഴ സ്വദേശിയായ സനീഷും ഭാര്യ സംഗീതയുമാണ്  ഇവരുടെ നാലു വയസുകാരനായ മകൻ സാവിയോയുടെ അടിയന്തിര നേത്രശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 19-ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിലേയ്ക്ക് പോയത്.   അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് തിരികെ വാളയാർ ചെക്കു പോസ്റ്റിൽ ഉച്ചയ്ക്ക് 12 മണിയോടെ  എത്തി. 


കേരളത്തിൽ പ്രവേശിക്കാൻ പാസ് എടുക്കാൻ ഓൺലൈനിൽ ശ്രമിച്ചിരുന്നുവെങ്കിലും ഓൺലൈൻ നിരസിച്ചതിനാൽ നടന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥരോട് പലതവണ പറഞ്ഞുവെങ്കിലും നടപടിയായില്ല. തിരികെ പോകാൻ അവർ നിർദ്ദേശിച്ചുവെങ്കിലും തമിഴ്നാട്ടിൽ പരിചയമില്ലാത്തതിനാൽ തിരികെ പോകാന്‍ സാധിക്കാതെ വന്നു. തുടർന്നു കുട്ടിയുടെ മുത്തച്ഛനും മാർഗ്ഗംകളി ആശാനുമായ മേവട പത്മകുമാർ തന്‍റെ സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മാണി. സി .കാപ്പൻ എം. എൽ. എ യുമായി ബന്ധപ്പെട്ടു. അപ്പോഴേയ്ക്കും വൈകിട്ടു അഞ്ചു മണിയായിരുന്നു. 


എം. എൽ. എയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ അമ്മ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിർദ്ദേശപ്രകാരം എറണാകുളം കളക്ടറുമായി ബന്ധപ്പെടുകയും തുടർന്നു വൈകിട്ട് ഏഴരയോടെ കേരളത്തിലേക്ക് കടക്കാൻ പാസ് അനുവദിക്കുകയായിരുന്നു.  അതിർത്തിയിലെ പോലീസ് കുട്ടിക്കും മാതാപിതാക്കൾക്കും ഭക്ഷണവും നൽകിയാണ് യാത്രയാക്കിയത്. വീട്ടിലെത്തി ക്വാറൈൻ്റെയിനിൽ പ്രവേശിക്കുമെന്ന് ഇവർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K