23 April, 2020 02:50:15 PM


ഇന്ന് പത്തു പേർക്ക് സംസ്ഥാനത്ത് വൈറസ് ബാധ; ഇടുക്കിയിൽ നാലു പേർ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ 4, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ 2 വീതം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോന്നു വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച നാലു പേർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. നാല് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധ ഉണ്ടായി. രണ്ടു പേർ വിദേശത്തു നിന്നു വന്നവരാണ്. 


എട്ടു പേരുടെ ഫലം നെഗറ്റീവ് ആയി. കാസർഗോഡ് 6, മലപ്പുറം കണ്ണൂർ ഓരോന്നു വീതമാണ് നെഗറ്റീവ് ആയത്. സംസ്ഥാനത്ത് ആകെ 447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 129 പേര്‍ ചികിത്സയിലാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളത് 23,876 പേരാണ്. ഇതില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21,334 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20,326 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.


സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാൽ അതിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പറയുന്ന അധികൃതര്‍ അതീവജാഗ്രതാ നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഈ നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും. കോട്ടയം, ഇടുക്കി ജില്ലകൾ ഗ്രീൻ സോണിൽ നിന്നു ഓറഞ്ചിലേക്ക് മാറ്റും. ഓറഞ്ച് മേഖലയിലെ ഹോട് സ്പോട്ട് പഞ്ചായത്തുകളും വാര്‍ഡുകളും അടച്ചിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K