22 April, 2020 06:42:05 PM
കോട്ടയം സ്വദേശിനിയ്ക്ക് കോവിഡ്; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 11 പേർക്ക്
കോട്ടയം: വൈറസ് ബാധയില്‍നിന്ന് ഒഴിഞ്ഞുനിന്ന കോട്ടയത്തേക്ക് വീണ്ടും കോവിഡ് ഭീഷണി. എന്നാല്‍ രോഗി നിലവില്‍ കോട്ടയത്തില്ല. പാലാക്കാരിയായ 65 കാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ ഇടുക്കിയിലാണ് ഉള്ളത്. ആസ്ട്രേലിയയിൽ നിന്ന് മാര്‍ച്ച് 20ന് ദില്ലിയിൽവന്ന ഇവര്‍ രാജ്യത്തെ പലയിടങ്ങളില്‍ സന്ദര്‍ശനം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം കാറില്‍ രാമക്കൽമേട് വഴി ഇടുക്കി നെടുങ്കണ്ടത്ത് എത്തുകയായിരുന്നു.
ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ പിടികൂടി ക്വാറന്‍റയിനിലാക്കി. തുടര്‍ന്ന് നടന്ന കോവിഡ് പരിശോധനയില്‍ ഇവരുടെ ഫലം പോസിറ്റീവും ഭര്‍ത്താവിന്‍റേത് നെഗറ്റീവുമായി കണ്ടു. ഇപ്പോള്‍ കമ്പംമെട്ടിലെ കോവിഡ് കെയര്‍ സെന്‍ററിലാണ് ഇവര്‍. മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന ബന്ധുക്കളുടെ നിർദ്ദേശത്താൽ കമ്പംമേട്ടിൽ നിന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലാ സ്വദേശിനി ആയതിനാല്‍ കോട്ടയം ജില്ലയുടെ കണക്കില്‍പെടുത്തിയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിവരങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ നാട്ടിലെത്തിയ ഇവര്‍ ഇതുവരെ കോട്ടയം ജില്ലയില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. ഇതുള്‍പ്പെടെ ഇന്ന് സംസ്ഥാനത്ത് 11 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം കൂടാതെ കണ്ണൂരിൽ ഏഴും കോഴിക്കോട് രണ്ടും മലപ്പുറത്ത് ഒന്നും കേസുകള്‍ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 437 പേർക്ക്. 127 പേർ ചികിത്സയിൽ. 29150 പേർ നീരീക്ഷണത്തിൽ. 28804 പേർ വീടുകളിൽ നിരീക്ഷണത്തിൽ. 346 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19998 സാമ്പിൾ രോഗ ബാധയില്ലെന്ന് ഉറപ്പാക്കി.