22 April, 2020 02:10:39 PM


കോട്ടയത്തേക്ക് തണ്ണിമത്തന്‍ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; പഴക്കട അടപ്പിച്ചു

തൊടുപുഴ, കോട്ടയം പ്രദേശങ്ങളുള്‍പ്പെട്ട റൂട്ട് മാപ്പ് പാലക്കാട് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു



പാലക്കാട്: തമിഴ്‌നാട്ടിലെ സേലത്തുനിന്നും കോട്ടയത്തേയ്ക്ക് തണ്ണിമത്തനുമായി എത്തിയ ലോറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ ഡ്രൈവര്‍ പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളോടൊപ്പം ലോറിയിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ പാലക്കാട് തേങ്കുറിശ്ശി സ്വദേശി കോട്ടയത്തെത്തി മാര്‍ക്കറ്റില്‍ ലോഡിറക്കി മടങ്ങി. ഇയാളും ഇപ്പോള്‍ പാലക്കാട് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സേലത്തുനിന്നും കോട്ടയത്ത് തണ്ണിമത്തന്‍ ഇറക്കി തിരിച്ച് പൈനാപ്പിളുമായി തമിഴ്നാട്ടിലേക്ക് സ്ഥിരമായി പോകുന്നതും തൊടുപുഴ കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നതുമായ ലോറിയിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയത്തെ പഴക്കടയിലെ പതിനഞ്ച് പേരെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കി. കഴിഞ്ഞ 20നാണ് തണ്ണിമത്തനുമായി ലോറി തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് പാലക്കാട് എത്തിയത്. പരിശോധനയില്‍ ഡ്രൈവറുടെ ശരീരോഷ്മാവില്‍ വ്യത്യാസം കണ്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന ഡ്രൈവര്‍ ലോഡുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു. ഇയാള്‍ കോട്ടയത്ത് ലോഡിറക്കി മടങ്ങിയ പിന്നാലെയാണ് പാലക്കാട് നിരീക്ഷണത്തിലുള്ള ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രണ്ടാമനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ഇന്ന് രാവിലെയാണ് തണ്ണിമത്തനുമായി വാഹനം കോട്ടയത്തെത്തി മടങ്ങിയ വിവരം കോട്ടയം ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ കോട്ടയം ചന്തക്കടവിലെ ടി.എസ്.കെ ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിലെത്തി ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. കട അടച്ചുപൂട്ടുകയും ചെയ്തു. ലോറി ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കടയിലെ ജീവനക്കാരുള്‍പ്പെടെ 15 പേരേയും ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചു. കോട്ടയത്തെത്തി മടങ്ങി പാലക്കാട് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ഡ്രൈവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം കടയിലെ ജീവനക്കാരുടെ സ്രവം എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കും.


കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ റൂട്ട് മാപ്പ് ചുവടെ. ഹൈദരാബാദില്‍ ഓട്ടം പോയ കെഎല്‍17 യു 6402 ലോറിയില്‍ ഇയാള്‍ ഏപ്രില്‍ 8ന് തൊടുപുഴ വാഴക്കുളത്ത് എത്തി. 13 വരെ  വാഴക്കുളത്ത് തങ്ങിയ ഡ്രൈവര്‍ അന്ന് പന്തളത്തുനിന്നും പൈനാപ്പിളുമായി തിരികെ പോയി. ചിതലിയില്‍നിന്നും സഹപ്രവര്‍ത്തകനെയും കയറ്റി 15ന് ചെന്നൈ മാര്‍ക്കറ്റില്‍ എത്തി. തുടര്‍ന്ന് തമിഴ്നാട്ടില്‍ സേലം ദിണ്ടിവനത്തുനിന്ന് തണ്ണിമത്തനും കയറ്റി 19ന് വാളയാര്‍ ചെക്ക് പോസ്റ്റിലെത്തി. ശരീരോഷ്മാവ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 12.30 മണിയോടെ ഇയാള്‍ കുഴല്‍മന്ദത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തി. അവിടെനിന്നും 108 ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അച്ഛന്‍, അമ്മ, ഭാര്യ, മകള്‍, സഹോദരനും ഭാര്യയും, ഇവരുടെ രണ്ട് മക്കള്‍, സുഹൃത്തായ മുണ്ടൂര്‍ സ്വദേശി ഡ്രൈവര്‍, ലോഡിംഗ് തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ നിരീക്ഷണത്തിലാണ്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.4K