22 April, 2020 12:27:22 PM


സാലറി ചാലഞ്ച്: സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കും



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം. ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍ക്കാരിന് ലഭിക്കും. മന്ത്രിമാരുടെ ശമ്പളം ഒരു വർഷത്തേക്ക്​ 30 ശതമാനം വെട്ടിക്കുറച്ചുവെന്നാണ് സൂചന. എംഎൽഎമാർ, ബോർഡ്​ കോർപറേഷൻ ​ചെയർമാൻമാർ എന്നിവർക്കും ഇത്​ ബാധകമാണ്​.


ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്‌. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ലെന്നാണ് സൂചന. അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും.


പ്രതിമാസം ആറുദിവസത്തെ ശമ്പളം പിടിക്കുന്നത് ജീവനക്കാര്‍ക്ക് അധികഭാരമാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടത്. അതിനാല്‍ കൂടുതല്‍ മാസം എടുത്തുള്ള ശമ്പളം പിടിക്കല്‍ ഗുണം ചെയ്യില്ലെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍, പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാര്‍ക്ക് മടക്കി നല്‍കാമെന്നാണ് മറ്റൊരു നിര്‍ദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K