21 April, 2020 08:50:47 PM


'ലോക്ഡൗണ്‍ കരുതല്‍!' സംസ്ഥാനത്ത് ആറ് ബാറുകള്‍ക്ക് കൂടി അനുമതി



തിരുവനന്തപുരം: ലോക്ക്ഡൌൺ തുടരുന്നതിനിടെ സംസ്ഥാനത്ത് ആറു ബാറുകൾക്കു കൂടി അനുമതി നൽകി  സർക്കാർ. വയനാട് ജില്ലയിൽ മൂന്നു ബാറുകൾക്കും മലപ്പുറം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ബാറുകൾക്കുമാണ് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നല്‍കിയ അനുമതിയാണെന്ന വിശദീകരണവുമായി എക്സൈസ് വകുപ്പ് രംഗത്തെത്തിയെങ്കിലും നടപടി റദ്ദാക്കണമെന്ന് ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

 

വയനാട്ടിൽ നേരത്തെ ബാർ ലൈസൻസിനു വേണ്ടി അപേക്ഷിച്ചിരുന്നവർക്കാണ് അനുമതി ലഭിച്ചത്. ഇതിൽ ഒരെണ്ണം കൽപ്പറ്റയിലും രണ്ടെണ്ണം സുൽത്താൻ ബത്തേരിയിലുമാണ്. ബത്തേരിയിൽ ഹോട്ടൽ എംബർ, ഹോട്ടൽ ജെറ്റ് പാർക്ക് തുടങ്ങിയവയ്ക്കും കൽപ്പറ്റ വെള്ളാരംക്കുന്നിലെ ഒരു ഹോട്ടലിനുമാണ് ലൈസൻസ് ലഭിച്ചത് എന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതോടെ വയനാട് ജില്ലയിൽ 9 ബാറുകളാവും. ലോക്ഡ ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ബാറുകൾ തുറക്കുമെന്നാണ് സൂചന.


പുതിയതായി ലൈസൻസ് അനുവദിച്ച നടപടി വിവാദമായതോടെയാണ് വിശദീകരണവുമായി എക്സൈസ് വകുപ്പ് രംഗത്തെത്തിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ബാറുകൾക്ക് അനുമതി നൽകിയതെന്നും, ലൈസൻസ് ഫീസ് അടച്ചത് ഏപ്രിൽ മാസത്തിലാണെന്നുമാണ് എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നത്. മാർച്ച് 10 ന് തൃശൂരിൽ ബാറിന് അനുമതി നൽകിയ ശേഷം ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ല എന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K