21 April, 2020 08:18:33 PM
ലോക്ഡൗൺ: ഗാർഹികേതര ഉപഭോക്താക്കൾക്ക് ഇളവുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക്ഡൌൺ നീട്ടിയതോടെ ഗാർഹികേതര ഉപഭോക്താക്കൾക്ക് ബിൽ അടയ്ക്കുന്നതിൽ ഇളവുമായി കെ.എസ്.ഇ.ബി. ഇവര്‍ ബിൽ തുകയുടെ 70% അടച്ചാൽ മതിയാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ലോക്‌ഡൌൺ കാലയളവിൽ ശരാശരി ഉപഭോഗം കണക്കാക്കി ബിൽ ലഭിച്ചിട്ടുള്ള ഗാർഹികേതര ഉപഭോക്താക്കൾക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മീറ്റർ റീഡിങ് നടത്തിയതിനു ശേഷം യഥാർത്ഥ വൈദ്യുത ചാർജ് നിജപ്പെടുത്തുന്നതായിരിക്കും. അതനുസരിച്ച് ഭാവി ബിൽ തുക ക്രമീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ഏത് രീതിയിൽ ഓൺലൈൻ പെയ്മെന്റ് നടത്തിയാലും അധിക ചാർജ് (Transaction ചാർജ് ) ഈടാക്കുന്നതല്ലെന്ന് കെഎസ്ഇബി അറിയിച്ചു. www.kseb.in എന്ന പോർട്ടൽ വഴിയോ, കെ എസ് ഇ ബിയുടെ മൊബൈൽ App (KSEB) വഴിയോ, BHIM App വഴിയോ, ഏതു ബാങ്കിന്റേയും ബാങ്കിംഗ് സേവനങ്ങൾക്കായുള്ള മൊബൈൽ App വഴിയോ, മറ്റ് ഏത് BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും (Transaction charge) ഇല്ലാതെ കറണ്ട് ചാർജ് അടയ്ക്കാവുന്നതാണ്.