21 April, 2020 02:03:16 PM


സ്പ്രിങ്ക്ളർ: രോഗികളുടെ വിവരം ചോരില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം - ഹൈക്കോടതി



കൊച്ചി: കേരളത്തിലെ രോഗികളുടെ വിവരം ചോരില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കോവിഡ് രോഗികളുടെ വിവരം ശേഖരിക്കാൻ സ്പ്രിങ്ക്ളർ സേവനം ഉപയോഗിക്കുന്നതിനെതിരായ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ നാളെ സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.


സ്പ്രിങ്ക്ളറുമായുള്ള കരാറിൽ എന്തെങ്കിലും ലംഘനമുണ്ടായാൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. കരാർ ലംഘനമുണ്ടായാൽ ന്യൂയോർക്കിൽ പോകാൻ സാധിയ്ക്കുമോ? മൂന്നാം കക്ഷിയുടെ സേവനം കൊണ്ടാണ് രോഗവ്യാപനം കുറഞ്ഞതെന്ന് കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. സ്പ്രിങ്ക്ളർ ഇടപാട് സംബന്ധിച്ച് സർക്കാർ ബോധ്യപ്പെടുത്തണം. വിവരങ്ങൾ ചേരില്ലെന്ന് ഉറപ്പു വേണം. പൗരൻമാരുടെ വിവരങ്ങളിൽ ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്. ഇന്നു മുതൽ അപ്ലോഡ് ചെയ്യുന്ന വിവരങ്ങളിൽ സർക്കാർ ഉത്തരവാദിത്തമുണ്ടാകണം.


വ്യക്തികളുടെ ചികിത്സ വിവരങ്ങൾ അതിപ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഉത്തരങ്ങൾ സ്പ്രിംഗ്ളർ നൽകാതെ ഡാറ്റ കൈമാറരുതെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. വ്യക്തിസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും കമ്പനിയുടെ പ്രവർത്തനം സേവനമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ സർക്കാർ നൽകിയ ഉത്തരം അപകടകരമാണെന്നായിരുന്നു കോടതിയുടെ മറുപടി.


രോഗികളുടെ വിവരങ്ങൾ നിർണായകമല്ലെന്ന വാദം അംഗീകരിയ്ക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വിശദമായ സത്യവാങ്മൂലം നാളെ നൽകാമെന്ന് സർക്കാർ അറിയിചെങ്കില്ലും ഇക്കാര്യത്തിൽ താമസമില്ലാതെ മറുപടി വേണമെന്ന് കോടതി. സംസ്ഥാനത്തിന് സ്വന്തമായ ഐ.ടി. വിഭാഗമില്ലേയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അധികം ഡാറ്റകൾ സൂക്ഷിയ്ക്കാനുള്ള സൗകര്യം ഇല്ലന്ന് സർക്കാർ മറുപടി നൽകി.


18 ലക്ഷം ആളുകളുടെ ഡാറ്റ വിലയിരുത്തണമെന്ന് കരുതുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. ആമസോൺ ക്ലൗഡിൽ ആണ് സൂക്ഷിയ്ക്കുന്നത്. സ്പ്രിംഗ്ളർ സോഫ്റ്റ്വയെർ മാത്രമാണ് നൽകിയിരിയ്ക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആമസോണിനെ കേന്ദ്രം അംഗീകരിച്ചതാണ്. സി-ഡിറ്റിന്റെ നിയന്ത്രണത്തിലാണ് ഡാറ്റ സൂക്ഷിച്ചിരിയ്ക്കുന്നത്. മൂന്നാം കക്ഷിയ്ക്ക് ഡാറ്റ ഉപയോഗിയ്ക്കാൻ അനുവാദമില്ല. ഇക്കാര്യം കരാറിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K