20 April, 2020 02:30:25 PM
മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി മുരളീധരൻ
ദില്ലി: കോവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്.
ലോക്ക് ഡൗൺ പൊതു മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുകയാണ്. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്നാണ് തന്റെ അഭ്യർഥനയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.