20 April, 2020 12:24:05 PM
'കുട്ടിയാനയ്ക്കും കോവിഡ‍് ?'; രാജാജി ടൈഗർ റിസർവിൽ നിന്നും സാമ്പിൾ പരിശോധനയ്ക്ക്
ഡെറാഡൂൺ: മൃഗങ്ങളിലേക്കും കോവിഡ‍് പടരുന്നു എന്ന ആശങ്ക വർധിക്കുന്നു. കോവിഡ് ബാധയെന്ന സംശയത്തെതുടര്‍ന്ന് ഉത്തരാഖണ്ഡ‍് രാജാജി ടൈഗർ റിസർവിൽ കുട്ടിയാനയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. സുൽത്താൻ എന്ന കുട്ടിയാനയിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സാമ്പിൾ ശേഖരിച്ചത്. ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിൾ അയച്ചത്.
രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആനകളെ പാർപ്പിച്ചിരുന്ന സ്ഥലം ആരോഗ്യപ്രവർത്തകർ എത്തി അണുവിമുക്തമാക്കി. സുൽത്താൻ അടക്കം ആറ് ആനകളാണ് സ്ഥലത്തുണ്ടായിരുന്നത്. വൈറൽ ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ് ആനയിലും കണ്ടത്. എങ്കിലും മുൻകരുതൽ എന്ന നിലയ്ക്ക് സാമ്പിൾ കോവിഡ് പരിശോധനയ്ക്ക് അയച്ചതായി ടൈഗർ റിസർവ് അധികൃതർ അറിയിച്ചു.
നേരത്തേ, ന്യൂയോർക്കിലെ മൃഗശാലയിൽ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ പാർക്കുകളിലും ടൈഗർ റിസർവിലും മൃഗശാലകളിലുമുള്ള മൃഗങ്ങളെ നിരീക്ഷിക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും പരിസ്ഥിതി വനം മന്ത്രാലയവും നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ഹരിദ്വാറിൽ ചത്ത പുള്ളിപ്പുലിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.