20 April, 2020 09:42:24 AM
'ലോക്ക് ഡൗൺ ഇളവ് ലഘൂകരിച്ചു, ചട്ടലംഘനം'; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ദില്ലി: ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി.ഇളവുകൾ നൽകിക്കൊണ്ട് ഏപ്രിൽ 17-ന് കേരളം പുറത്തിറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 15- ന് ഇറക്കിയ ഉത്തരവിന് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തരമന്ത്രാലയം ചില സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചപ്പോൾ കേരളം അവ തുറക്കാൻ അനുമതി നൽകുകയായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർക്ക് ഷോപ്പ്, ബാർബർ ഷോപ്പ്, ഹോട്ടലുകൾ, പുസ്തകശാലകൾ, നഗരങ്ങളിലെ ബസ് സർവീസ്, കാറുകളിൽ രണ്ടു പേരുടെ യാത്ര, ബൈക്ക് യാത്ര എന്നിവയ്ക്കാണ് കേരളം ഉത്തരവിലൂടെ ഇളവ് നൽകിയത്. ഇത് കേന്ദ്ര നിർദ്ദേശങ്ങൾ ലഘൂകരിക്കുന്നതും ദുരന്ത നിവാരണ നിയമം അനുസരിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ ലംഘിക്കുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.