19 April, 2020 03:35:56 PM


മന്ത്രിസഭയെ മറികടന്നുള്ള സ്പ്രിൻക്ലർ കരാർ തെറ്റ്; കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഐ




തിരുവനന്തപുരം: യുഎസ് കമ്പനി സ്പ്രിൻക്ലറുമായി സർക്കാർ ഡേറ്റാ കരാറിലേർപ്പെട്ടതിൽ സിപിഐക്കു കടുത്ത അതൃപ്തി. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റെന്നാണ് സിപിഐ നേതൃത്വത്തിനുള്ളിലെ വികാരം. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് സിപിഐ നിർവാഹകസമിതി ചർച്ച ചെയ്തതിനു ശേഷമാകും പരസ്യപ്രതികരണം.


ഇന്ത്യൻ കമ്പനി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുമെന്ന കാരണത്താൽ ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഐക്ക് യുഎസ് കമ്പനിയെ ഡേറ്റാ കരാർ ഏൽപ്പിച്ചതിനോടു കടുത്ത വിയോജിപ്പാണ്. ഇതിനിടയിൽ മന്ത്രിസഭ പല തവണ കൂടിയിട്ടും അവിടേക്കോ നിയമവകുപ്പിന് മുന്നിലേക്കോ കരാർ വരാത്തത് ഇടതുപക്ഷ നയത്തിനു വിരുദ്ധമാണെന്നാണ് സിപിഐ കരുതുന്നത്.


ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ വിദേശ കമ്പനിയുമായി എങ്ങനെ കരാർ ഒപ്പിടും എന്നതാണ് സിപിഐ ഉന്നയിക്കുന്നത്. സ്പ്രിൻക്ലർ കരാർ ലംഘിച്ചാൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല. ഭോപ്പാൽ വിഷവാതക ദുരന്ത കേസിൽ യൂണിയൻ കാർബൈഡിന് എതിരെ അവിടുത്തെ കോടതിയിൽ പോയിട്ട് ഒരു പൈസ പോലും ഇരകൾക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമാനമാണ് സ്പ്രിൻക്ലറുമായും സംഭവിക്കാൻ പോവുക.


നിയമവകുപ്പ് ഫയൽ കാണാത്തതിൽ മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറിയുടെയും നിലപാടുകൾ പൊരുത്തപ്പെടുന്നില്ലെന്നാണ് സിപിഐയുടെ പക്ഷം. സാമ്പത്തിക ഇടപാടില്ലാത്തതിനാലാണ് നിയമവകുപ്പ് ഫയൽ കാണാത്തത് എന്ന‌ാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ തന്റെ സ്വന്തം റിസ്ക്കിൽ കരാറിലേർപ്പെട്ടു എന്നാണ് ഐടി സെക്രട്ടറി വെളിപ്പെടുത്തിയത്. ഇതു രണ്ടും പൊരുത്തപ്പെടുന്നില്ലെന്നും മുഖ്യമന്ത്രിക്ക‌് എല്ലാം അറിയാമായിരുന്നു എന്നും സിപിഐ കരുതുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K