19 April, 2020 02:25:04 PM
കല്യാണം കഴിക്കാന്‍ 850 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ യുവാവ് എത്തപ്പെട്ടത് ക്വാറന്റൈനിൽ
ലുധിയാന: കല്ല്യാണം കഴിക്കാനായി 850 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ യുവാവ് ഒടുവിൽ എത്തപ്പെട്ടത് ക്വാറന്റൈൻ സെന്ററിൽ. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. സോനു കുമാർ എന്ന ഇരുപത്തിനാലുകാരനാണ് ഒരാഴ്ച രാവും പകലുമില്ലാതെ സൈക്കിൾ ചവിട്ടി ഒരുവിൽ ക്വാറന്റൈനിലായത്.
ഏപ്രിൽ 15-ന് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെ ഒരു ജില്ലയിലാണ് സോനുവിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ പൊതുഗതാഗത സംവിധാനങ്ങളില്ല. ഇതേതുടർന്നു വിവാഹത്തിനായി നേരത്തെ എത്താൻ പഞ്ചാബിലെ ലുധിയാനയിൽനിന്ന് സോനുവും മൂന്നു സുഹൃത്തുക്കളും ചേർന്ന് സൈക്കിൾ സവാരി ആരംഭിച്ചു. ഒരാഴ്ച രാവും പകലുമില്ലാതെ ഇവർ സൈക്കിൾ ചവിട്ടി.
ഒടുവിൽ ഉത്തർപ്രദേശിലെ ബൽറാംപുരിൽവച്ച് ഞായറാഴ്ച രാത്രി ഇവർ പിടിയിലായി. പിടിയിലാകും മുന്‍പ് 850 കിലോമീറ്റർ ഇവർ സൈക്കിളിൽ പിന്നിട്ടിരുന്നു. വീടിന് 150 കിലോമീറ്റർ അകലെവച്ചാണ് ഇവർ പിടിയിലാകുന്നത്. ഇവരെ ഉടൻതന്നെ പരിശോധനകൾക്കു ശേഷം ക്വാറന്റൈൻ സെന്ററിലേക്കു മാറ്റി. വിവാഹത്തിനായാണ് പോകുന്നതെന്നു പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ലെന്നു സോനു പറയുന്നു