17 April, 2020 10:18:54 PM
കോവിഡ് വാര്‍ഡില്‍ ഭക്ഷണം കിട്ടാതെ ജോലിചെയ്ത നഴ്‌സ് കുഴഞ്ഞുവീണു; സംഭവം ദില്ലിയില്‍
ദില്ലി: ദില്ലി എല്‍എന്‍ജെപി ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്ത നഴ്സ് ഭക്ഷണം കിട്ടാതെ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഡ്യുട്ടിക്കെത്തിയ നഴ്സ് രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ 25 ഓളം നഴ്സുമാര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണവും ലഭ്യമാക്കാത്തത് ക്രൂരതയാണെന്ന് നഴ്സുമാര്‍ പറഞ്ഞു.
ഏറ്റവുമധികം കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയിലെ നഴ്സുമാരാണു ഭക്ഷണം പോലുമില്ലാതെ ബുദ്ധിമുട്ടുന്നത്. ഗുജറാത്ത് ഭവനിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനവും നല്ല താമസ-ഭക്ഷണ സൗകര്യവും ഒരുക്കാത്തതിനെ തുടര്‍ന്ന് നഴ്സുമാര്‍ മുമ്പ് പ്രതിഷേധിച്ചതോടെയാണ് ഗുജറാത്ത് ഭവനിലും ഹോട്ടലിലുമായി താമസം ഒരുക്കിയത്.
ഇതിനിടെ, എല്‍എന്‍ജെപി, ആര്‍എംഎല്‍, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന മലയാളികളടക്കമുള്ള 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വ്യക്തി സുരക്ഷ ഉപകരണങ്ങയുടെ അഭാവത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും കടുത്ത ഭീഷണിയാണ് നേരിടുന്നത്.