17 April, 2020 08:19:38 PM
സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. ക്രൈം ബ്രാഞ്ചിനാണ് സർക്കാർ അനുമതി നൽകിയത്. രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറണമെന്നാണ് ഉത്തരവ്. തമിഴ്നാട്ടിലെ സ്വത്ത് ഇടപാടിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ജേക്കബ് തോമസ് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു.
മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ സർക്കാർ പുതിയ കേസെടുക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്ന പശ്ചാത്തലത്തിൽ ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യാനും സർക്കാരിന് സാധിക്കും. അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചിന്‍റെയും വിജിലൻസിന്‍റെയും അന്വേഷണങ്ങൾ തുടരുന്നുണ്ട്. ഒന്നരവർഷത്തെ സസ്പെൻഷനു പിന്നാലെ അടുത്തിടെയാണ് ജേക്കബ് തോമസ് സർവ്വീസിൽ തിരിച്ചെത്തിയത്.