17 April, 2020 03:16:17 PM
മുൻ മുഖ്യമന്ത്രിയുടെ മകന്റെ വിവാഹം ലോക്ക്ഡൗൺ നിബന്ധകൾ ലംഘിച്ച്; മന്ത്രി റിപ്പോർട്ട് തേടി
ബംഗളൂരു: ലോക്ക്ഡൗണിനിടെ ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയും മുൻമന്ത്രി എം. കൃഷ്ണപ്പയുടെ സഹോദരന്റെ മകൾ രേവതിയും തമ്മിലുള്ള വിവാഹം നടന്നത് നിബന്ധനകൾ പാലിച്ചായിരുന്നില്ല എന്ന് ആരോപണം. ബംഗളൂരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ രാമനഗര ബിഡദിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസിൽവെച്ചാണ് വെള്ളിയാഴ്ച രാവിലെ ചലച്ചിത്ര താരം കൂടിയായ നിഖിൽ രേവതിയെ താലി ചാർത്തിയത്.
ലോക്ക് ഡൗൺ നിബന്ധനകൾ പ്രകാരം അടുത്ത ബന്ധുക്കളായ 30 പേരെ മാത്രമേ വിവാഹം ക്ഷണിച്ചിരുന്നുള്ളൂവെന്നാണ് കുമാരസ്വാമിയുടെ അവകാശ വാദം. എന്നാൽ അതിഥികളിൽ വളരെ കുറച്ചുപേർ മാത്രമേ മാസ്ക് ധരിച്ചിരിക്കുന്നതായി വിവാഹത്തിന്റെ വീഡിയോകളിലും ചിത്രങ്ങളിലും കാണുന്നുള്ളൂ. സാമൂഹികഅകലം പാലിക്കാതെ ചേർന്ന് നിന്ന് സംസാരിക്കുന്നതും ചിത്രങ്ങളിൽ കാണാം. വിവാഹം വിവാദമായതോടെ കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത്നാരായൺ രാംനഗർ ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബംഗളൂരുവിലെ ഒരു സ്വകാര്യ ഹോട്ടലിൽ രണ്ടുമാസം മുൻപു നടന്ന വിവാഹനിശ്ചയ ചടങ്ങളിൽ വലിയ ജനക്കൂട്ടമാണുണ്ടായിരുന്നത്. നിയന്ത്രണങ്ങൾ മാറിയശേഷം വലിയ ജനപങ്കാളിത്തത്തോടെയുള്ള സൽക്കാര പരിപാടി സംഘടിപ്പിക്കുമെന്നും കുടുംബം പറയുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിഖിൽ മത്സരിച്ചിരുന്നു. ഇതുകൂടാതെ ഏതാനും കന്നഡ സിനിമകളിലും നിഖിൽ അഭിനയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ സഹോദരപുത്രിയാണ് വധു രേവതി.