17 April, 2020 01:42:21 PM


'സ്പ്രിംഗ്ളറിൽ സംശയങ്ങൾ ബാക്കി'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി



തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് ഇനിയും സംശയങ്ങൾ ബാക്കിനിൽക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. നിയമ നടപടി പൂർണ ഉത്തരവാദിത്തമുള്ളതാണെന്നും നഷ്ടം വഹിക്കേണ്ടത് സംസ്ഥാന സർക്കാരെന്നും കരാറിലുണ്ടെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.


ബിസിനസ് റൂൾസ് പ്രകാരം നിയമ വകുപ്പ് കരാർ കാര്യങ്ങൾ അറിയേണ്ടതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സൗജന്യ സേവനത്തിന്റെ കാര്യത്തിലും അവ്യക്തതകളുണ്ട്. ഇത്തരമൊരു കരാറിന് കേന്ദ്ര അനുമതിയില്ല. മന്ത്രിസഭ അറിഞ്ഞിട്ടില്ല, ബന്ധപ്പെട്ട വകുപ്പുകൾ അറിഞ്ഞിട്ടില്ല. ന്യൂയോർക്ക് നിയമം അനുസരിച്ചുള്ള കരാറാണ്. ഇതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് തന്റെ അറിവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.


പുറത്തു വന്ന കാര്യങ്ങൾ സംശയങ്ങൾ വർധിപ്പിക്കുന്നതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇത് ദൂരീകരിക്കണം. മുഖ്യമന്ത്രി മറുപടി പറയണം. പ്രളയ കാലത്ത് കമ്പനിയുടെ റോൾ എന്തായിരുന്നുവെന്നും ഉമ്മൻചാണ്ടി ചോദിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. വെല്ലുവിളികൾ ആരംഭിക്കുന്നതേ ഉള്ളൂ. പ്രവാസികളെ തിരികെ എത്തിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമെന്നും അദ്ദേഹം ചൂണ്ടികാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K