15 April, 2020 11:31:20 PM
കേരളത്തിലേക്ക് ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പ്രവേശിക്കാന്‍ മാനദണ്ഡങ്ങള്‍
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൻ നിന്ന് കേരളത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന മലയാളികളെ അതിർത്തി കടത്തിവിടാൻ യാത്രാനിയന്ത്രണങ്ങളിൽ ഇളവ് അനുവിച്ച് സർക്കാർ. ഗർഭിണികൾക്കും രോഗികൾക്കുമാണ് ഇളവ്. ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ ചീഫ് സെക്രട്ടറി പുറത്തിറക്കി. മരണാസന്നരെ കാണാനും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും എത്തുന്നവർക്കും അനുമതി ലഭിക്കും.
കേരളത്തിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഗർഭിണി പ്രസവ തീയതി, യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന രേഖകൾ തുടങ്ങിയവ അംഗീകൃത ഗൈനക്കോളജിസ്റ്റിൽനിന്ന് വാങ്ങണം. താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരെ ഈ സർട്ടിഫിക്കറ്റ് കാണിച്ച് ബോധ്യപ്പെടുത്തി യാത്രാപാസ് സംഘടിപ്പിക്കണം. കൂടെ യാത്ര ചെയ്യുന്നവരുടെ വിവരം പാസിൽ രേഖപ്പെടുത്തണം. വാഹനത്തിൽ പരമാവധി സഞ്ചരിക്കാൻ കഴിയുന്നത് ഡ്രൈവർ ഉൾപ്പെടെ 3 പേർക്കായിരിക്കും.
യാത്രക്കാർ കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കണം. ഗർഭിണിയോടൊപ്പം കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കും. കേരളത്തിലെ ഏതു ജില്ലയിലേക്കാണോ വരേണ്ടത് അവിടുത്തെ ജില്ലാ കലക്ടർക്ക് ഇ മെയിലിലൂടെയോ വാട്സ്ആപ്പിലൂടെയോ അപേക്ഷ നൽകണം. ജില്ലാ കലക്ടർ യാത്ര ചെയ്യേണ്ട തീയതിയും സമയവും നിശ്ചയിക്കും. ഇതു ഹാജരാക്കി വേണം താമസിക്കുന്ന സംസ്ഥാനത്തെ ജില്ലാ ഭരണകൂടത്തിന്റെ യാത്രാപാസ് വാങ്ങേണ്ടത്.
അതിർത്തിയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പാസ് പരിശോധിച്ച് ഇവരെ അതിർത്തി കടത്തണം. കോവിഡ് 19 ലക്ഷണങ്ങളുണ്ടെങ്കിൽ യാത്രക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണം. രോഗ ലക്ഷണങ്ങളില്ലാത്തവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കണം.
രോഗികൾ ചെയ്യേണ്ടത് : ഏതു രോഗത്തിനാണ് ചികിൽസ വേണ്ടതെന്ന് ജില്ലാ കലക്ടറെ അപേക്ഷയിലൂടെ അറിയിക്കണം. ജില്ലാ ഭരണകൂടം അപേക്ഷ പരിഗണിച്ച് യാത്രാ അനുമതി നൽകണം. ഏത് സംസ്ഥാനത്തുനിന്നാണോ വരുന്നത് അവിടുത്തെ ജില്ലാ ഭരണകൂടത്തിന്‍റെ യാത്രാ പാസും ആവശ്യമാണ്. ഡ്രൈവർ ഉൾപ്പെടെ 3 പേർക്കേ യാത്ര അനുവദിക്കൂ. ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കണം∙ ആരെങ്കിലും മരിച്ചതിനെത്തുടർന്നാണ് യാത്രയെങ്കിൽ താമസിക്കുന്ന സ്ഥലത്തെ ജില്ലാ ഭരണകൂടത്തിന്‍റെ പാസ് ഹാജരാക്കണം. മരിച്ചയാളിനെ സംബന്ധിച്ച സത്യവാങ് മൂലം അതിർത്തിയിൽ നൽകണം. പൊലീസ് ഇത് പരിശോധിച്ച് യാത്രാനുമതി നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.