14 April, 2020 08:49:54 PM
'ഓഫീസിൽ വരാൻ കഴിയില്ലെങ്കിൽ ചുമതലകളിൽ നിന്ന് ഒഴിവാകൂ' - നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ദില്ലി: കോവിഡ് 19 ഭയത്തെ തുടർന്ന് ഓഫീസുകളിൽ വരാൻ തയ്യാറല്ലാത്തവർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് എത്രയും പെട്ടെന്ന് ചുമതലകളിൽ നിന്ന് ഒഴിയണമെന്ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് നിർദ്ദേശം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.
വിവിധ മന്ത്രാലയങ്ങൾ ഇത്തരത്തിലുള്ള നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വളരെ അപൂർവമായാണ് മന്ത്രാലയങ്ങൾ ഇത്തരത്തിൽ ജീവനക്കാർക്ക് നിർദ്ദേശം നൽകുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവിധ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ മന്ത്രാലയങ്ങൾ തീരുമാനിച്ചത്.
ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഇതിനകം തന്നെ നിരവധി പേർ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള സാധ്യത തേടിയവരാണ് കൂടുതലും. ചുമതലകളിൽ നിന്ന് ഒഴിയുന്നവർ അടുത്ത പോസ്റ്റിങ് ലഭിക്കുന്നതിന് ദീർഘകാലം കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.