14 April, 2020 10:25:01 AM
രാജ്യത്ത് ലോക്ക്ഡൗൺ 19 ദിവസത്തേക്ക് കൂടി നീട്ടി; ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം
ദില്ലി: രാജ്യത്ത് ലോക്ക്ഡൗൺ 19 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മെയ് മൂന്നു വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. മുൻപത്തേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. തീവ്രബാധിത പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്ത് കൂടുതൽ തീവ്രബാധിത പ്രദേശങ്ങൾ ഉണ്ടാകാൻ അനുവദിക്കരുത്. 20ന് ശേഷം സ്ഥിതിഗതികൾ കൂടുതൽ അവലോകനം ചെയ്യേണ്ടതുണ്ട്. രോഗ്യവ്യാപനം കുറയുന്ന ഇടങ്ങളിൽ 20ന് ശേഷം ഇളവുകൾ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.