14 April, 2020 12:52:12 AM
22 വയസ്, പൊടിമീശക്കാരന് ഐപിഎസ് : ചരിത്രം സൃഷ്ടിച്ച് ഹസൻ സഫീൻ
ദില്ലി: പൊടിമീശ മുളയ്ക്കുന്ന പ്രായത്തിൽ ഐപിഎസ് ഓഫീസറായി ഹസൻ ചാർജെടുത്തപ്പോൾ സൃഷ്ടിക്കപ്പെട്ടത് പുതുചരിത്രം. വയസ് ഇരുപത്തിരണ്ടേയുള്ളൂ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി 22കാരൻ ഹസൻ സഫീൻ. എന്നാൽ ഈ പൊന്‍തിളക്കത്തിന് പിന്നിൽ ഉറക്കമിളഞ്ഞ് രാത്രി മുഴുവൻ ചപ്പാത്തി പരത്തി വിൽപന ചെയ്ത ഒരു അമ്മയുടെ കഥ കൂടിയുണ്ട്. ഒപ്പം ചങ്കായി നെഞ്ചോട് ചേർത്ത് വളർത്തിയ കനോദർ എന്ന ഗ്രാമത്തിന്റെ വാത്സല്യവും.
ഗുജറാത്തിലെ പാലൻപൂരിലെ കനോദർ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ഹസൻ ജനിച്ചത്. അച്ഛൻ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു. എന്നാൽ പഠനത്തിൽ മിടുമിടുക്കനായ മകന്റെ സ്വപ്നങ്ങൾക്ക് താങ്ങേകാൻ ആ ജോലിയും കൂലിയും മതിയാകാതെ വന്നു. നാട്ടുകാരും സ്കൂൾ അധികൃതരും എന്ത് സഹായത്തിനും തയ്യാറായിരുന്നെങ്കിലും നസീം ബാനുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
ആരെയും ബുദ്ധിമുട്ടിക്കാതെ തന്റെ മകനെ കരയ്ക്കെത്തിക്കുക എന്നത് തന്നെ. അടുത്തുള്ള കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നെല്ലാം ഓർഡർ പിടിച്ച് ആ അമ്മ ഉണർന്നിരുന്നു രാവും പകലും. 200 കിലോ മാവുപയോഗിച്ച് ചപ്പാത്തി പരത്തിയ ദിവസങ്ങളേറെ. നേരം വെളുക്കുമ്പോഴേക്കും പരത്തിയ ചപ്പാത്തി കടകളിലെത്തിക്കും. അങ്ങനെ ഉറക്കം കളഞ്ഞ് ആ അമ്മ പരത്തി രൂപപ്പെടുത്തിയത് പൊന്നുമകന്റെ തിളക്കമേറിയ ഭാവി കൂടിയായിരുന്നു.
2018 ൽ ഹസൻ സിവിൽ സർവീസ് പരീക്ഷയെഴുതിയത് ഐ.എ.എസ് ലക്ഷ്യമിട്ടാണെങ്കിലും 570-ാം റാങ്കുകാരനു കിട്ടിയത് ഐ.പി.എസ് സെലക്ഷൻ. നിരാശനാകാതെ കഴിഞ്ഞ തവണ വീണ്ടും പരീക്ഷയെഴുതിയെങ്കിലും രണ്ടാംവട്ടവും ഐ.പി.എസിനു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹസന്‍ തീരുമാനിച്ചു.തന്റെ നിയോഗം ഇതെന്ന്. ആ തീരുമാനം നടപ്പിലായപ്പോൾ ഇന്ത്യ കണ്ടത് തങ്കത്തിളക്കമുള്ള ഒരു ചരിത്രം.