13 April, 2020 09:30:00 PM
സ്പ്രിംഗ്ളര്‍ വിവാദം: മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് ദുരൂഹത വർധിപ്പിക്കുന്നു - രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വർധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. സന്പൂർണ ആശയക്കുഴപ്പമാണ് ഇതിലെന്നും ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നതിൽ മുഖ്യമന്ത്രി അജ്ഞത നടിക്കുന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വിവാദത്തെ തുടർന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവരശേഖരം സർക്കാർ അവസാനിപ്പിച്ചിരുന്നു. കോവിഡ് രോഗികളുടെ വിവരങ്ങൾ ഇനി സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താൽ മതിയെന്നാണ് പുതിയ ഉത്തരവ്.
അതേസമയം, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ ശേഖരിക്കുന്നതിനുള്ള നീക്കം നടന്നത് വ്യക്തമായ കരാറില്ലാതെയാണെന്ന് വി.ഡി. സതീശൻ എംഎൽഎ ആരോപിച്ചു.. സ്പ്രിംഗ്ളര്‍ അമേരിക്കന്‍ പിആര്‍ കമ്പനി തന്നെയാണ്. സർക്കാർ ഇപ്പോൾ ഡാറ്റാക്കച്ചവടമാണ് നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.