13 April, 2020 07:46:01 PM
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 19 പേര്‍ ആശുപത്രി വിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു, കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരാള്‍ക്കുമാണ് വൈറസ് ബാധ. ഇതിൽ 2 പേർക്ക് സമ്പർക്കം മൂലവും ഒരാൾ വിദേശത്ത് നിന്ന് വന്നതും ആണ്. 19 പേര്‍ വൈറസ് ബാധ ഭേദമായി ആശുപത്രി വിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ 198 പേരുടെ അസുഖം ഭേദമായി. 178 പേർ മാത്രമാണ് ആണ് സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത് .
നാളെ വിഷുവാണ്. ദിനരാത്രങ്ങള്‍ ഒരു ദൈര്‍ഘ്യത്തോടെ വരുന്ന ദിവസമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ വിഷു തുല്യത കൂടി ഓര്‍മ്മിപ്പിക്കുന്നു. വിഷു മാത്രമല്ല അംബേദ്കര്‍ ജയന്തി കൂടിയാണ്. ജാതിക്കും മതത്തിനും അപ്പുറം സമഭാവനയുടെ സന്ദേശത്തിന് വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ് അംബേദ്കറുടേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഇത്തവണത്തെ വിഷുക്കൈ നീട്ടം നാടിന് വേണ്ടിയാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. നാട് അത്യസാധാരണ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ വിഷുക്കൈ നീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് മുതല്‍കൂട്ടാക്കാന്‍ കുട്ടികളെയും പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ നിലപാട് കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം മതിയെന്നാണ് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ ധാരണ. ഘട്ടം ഘട്ടമായി ഇളവ് അനുവദിച്ചാല്‍ മതിയെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ പത്ത് മണിക്കാണ്. അതിന് ശേഷം സംസ്ഥാന നിലപാട് വിശദമായി ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് മന്ത്രിസഭായോഗം എത്തിയത്.