13 April, 2020 04:56:19 PM
കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടവർക്കും രോഗം: 2 പേർക്ക് രോഗം സ്ഥിരീകരിച്ചത് നോയിഡയിൽ
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ കോവിഡ് പരിശോധനയിൽ നെഗറ്റീവായി ആശുപത്രിവിട്ട രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാമത്തെ പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോയിഡ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കോവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച രോഗികളെ 24 മണിക്കൂറിനിടെ രണ്ടു തവണ സ്രവ പരിശോധനയ്ക്കു വിധേയമാക്കി.
ആദ്യ രണ്ടു പരിശോധനയിലും നെഗറ്റീവായതോടെ ഇവരെ ആശുപത്രിയിൽനിന്നും വിട്ടയച്ചു. മൂന്നാമതും പരിശോധന നടത്താൻ സ്രവ സാമ്പിൾ എടുത്തതിനു ശേഷം വെള്ളിയാഴ്ചയാണ് ഇവരെ വിട്ടയച്ചത്. ഈ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് ഡോക്ടർമാർ വിശദമായ പരിശോധന നടത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോർട്ട് അയക്കുമെന്ന് അധികൃതർ അറിയിച്ചു