13 April, 2020 02:18:39 PM


ലോക്ക്ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ സത്യവാങ്മൂലം നൽകി തിരിച്ചെടുക്കാം



തിരുവനന്തപുരം: ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് വിട്ടുനൽകി തുടങ്ങി. എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കുമെന്ന സത്യവാങ്മൂലം വാങ്ങിയാണ് വാഹനങ്ങൾ വിട്ടുനൽകുന്നത്.  നിയമോപദേശം ലഭിച്ചശേഷം പിഴ ഈടാക്കുന്നതിൽ തീരുമാനമെടുക്കും. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിന് സംസ്ഥാനത്തുടനീളം 24000 ൽ അധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.


പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം കൂടിയതോടെ സ്ഥലപരിമിതിയിൽ സ്റ്റേഷനുകൾ വീർപ്പുമുട്ടി. ഇതോടെയാണ് വാഹനങ്ങൾ വിട്ടു നൽകാൻ ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയത്. സിറ്റി ലിമിറ്റിൽ കമ്മീഷണർമാരുടെ നിർദേശം ഇന്നലെ എത്തി. പിടിച്ചെടുത്തതിൽ 30 ശതമാനം വാഹനങ്ങളാണ് ഒരു ദിവസം വിട്ടുനൽകുന്നത്.


എപ്പോൾ ആവശ്യപ്പെട്ടാലും വാഹനങ്ങൾ ഹാജരാക്കാമെന്നു ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ഇനി വാഹനം പുറത്തിറക്കില്ലെന്നുമാണ് സത്യവാങ്മൂലം. ആർസി ബുക്കിന്‍റെ പകർപ്പും ലൈസൻസ് പകർപ്പും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം. വീണ്ടും വാഹനങ്ങൾ പുറത്തിറക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ലോക്ഡൗൺ അവസാനിച്ച പ്രതീതിയാണ് ചിലർക്കെങ്കിലും എന്നാണ് പോലീസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നത്.


രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ പലരും റോഡിലേക്കിറങ്ങി തുടങ്ങി. ആദ്യം പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം വിട്ടു നൽകും എന്നതാണ് ക്രമം. പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം കേസെടുത്തെങ്കിലും പിഴ ഈടാക്കാൻ വ്യവസ്ഥയില്ലാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കി. പിഴ ഈടാക്കുന്നതിൽ നിയമോപദേശം ലഭിച്ച ശേഷം  പോലീസ് തുടർ നടപടി സ്വീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K