13 April, 2020 02:05:54 PM


ലക്ഷദ്വീപില്‍ പരീക്ഷാജോലിക്ക് പോയി കുടുങ്ങിയ അധ്യാപകരെ തിരിച്ചെത്തിക്കണം - മോന്‍സ് ജോസഫ്



കടുത്തുരുത്തി: ലക്ഷദ്വീപിന്‍റെ വിവിധ പ്രദേശങ്ങളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് പോയ ആറ് അദ്ധ്യാപകരെയും, രണ്ട് സെക്രട്ടറിയേറ്റ് ജീവനക്കാരെയും കവറത്തിയിൽ നിന്ന് കൊച്ചിയിൽ കപ്പൽ മാർഗ്ഗം എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് അഡ്വ മോൻസ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകി.


കവറത്തി അഡ്മിനിസ്ട്രേഷൻ അതോറിറ്റി അധ്യാപകരെ അറിയിച്ചത് പ്രകാരം കേരള സർക്കാർ നൽകുന്ന ഔദ്യോഗിക കത്ത് കവറത്തി അധികൃതർക്ക് കൈമാറേണ്ടതുണ്ട്. കൊച്ചിയിൽ എത്തുന്നതിനും, കേരളത്തിൽ എത്തിയാൽ വീട്ടിൽ എത്തിക്കുന്നതും  ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ ക്രമീകരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള കത്താണ് ലക്ഷദ്വീപ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചീഫ്  സെക്രട്ടറി മുഖാന്തിരം കവറത്തി അഡ്മിനിസ്ട്രേഷൻ അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നതിനും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും, കേരളത്തിന്‍റെ  ഇക്കാര്യത്തിലുള്ള പ്രധാന ചുമതലക്കാർക്ക് നിർദ്ദേശം കൊടുക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അഭ്യർത്ഥിച്ചു.


ഒരു മാസത്തിലധികമായി ലക്ഷദ്വീപിലെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നവരെ കവറത്തിയിൽ ഒന്നിച്ച്  എത്തിക്കുന്നതിന് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ  മുഖ്യമന്ത്രിക്കുള്ള  കത്തിൽ എംഎൽഎ നന്ദി അറിയിച്ചു. കപ്പൽ മാർഗ്ഗം നാട്ടിലേക്ക് വരുന്നതിന്   തുടർന്നുള്ള ക്രമീകരണങ്ങൾ പരമാവധി വേഗത്തിലാക്കണമെന്നുള്ള കുടുംബാംഗങ്ങളുടെ അഭ്യർത്ഥനയും മുഖ്യമന്ത്രിയെ അറിയിച്ചതായി എം എൽ എ വ്യക്തമാക്കി. കവറത്തിയിലുള്ള അദ്ധ്യാപകരുമായി ഫോണിൽ സംസാരിച്ചപ്പോൾ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ സുരക്ഷിതമായി ഇപ്പോൾ താമസിക്കുന്നതായി അവർ അറിയിച്ചതായും എംഎൽഎ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K