11 April, 2020 07:18:24 PM


സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പർക്കം വഴി വൈറസ് ബാധ



തിരുവനന്തപ്പുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേര്‍ക്ക്  സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.


നാളെ ഈസ്റ്ററാണ്. അതിജീവനത്തിന്‍റെ സന്ദേശമാണ് ഈസ്റ്റര് പകരുന്നത്. ലോകം കൊവിഡ് 19 എന്ന പീഢാനുഭവത്തിലൂടെ കടന്ന് പോകുന്ന ഘട്ടമാണെന്നും അതിനെ അതിജീവിക്കാനുള്ള കരുത്തു കൂടിയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് ചികിത്സയിലുള്ള 19 പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസര്‍കോട് ഒന്‍പത്, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശ്ശൂര്‍ ഒന്ന്. ഇതുവരെ 371 പേര്‍ക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 228 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,23,490 പേ‍ര്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ 816 പേര്‍ ആശുപത്രിയിലുണ്ട്. 201 പേരെ ഇന്നു ഉച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 14163 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.12718 എണ്ണം നെ​ഗറ്റീവായി.


രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാല്‍ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം എടുത്തത്. മുഖ്യമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K