11 April, 2020 03:26:03 PM
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടും ! മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ധാരണ
ദില്ലി: കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സമവായം ആയത്. ചില മേഖലകളില്‍ ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഉത്തരവ് ഇറങ്ങുകയെന്നാണ് സൂചന. കോവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നുവെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായത്.
സംസ്ഥാനങ്ങള്‍ക്ക് സ്ഥിതി തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം എന്നാണ് വിവരം. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.