11 April, 2020 10:15:57 AM
റിലയൻസ് കൽക്കരി വൈദ്യുത നിലയത്തിൽ വിഷ ദ്രാവക ചോർച്ച: 5 പേരെ കാണാതായി
ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 680 കിലോമീറ്റര്‍ അകലെ സിംഗ്രോലിയിൽ റിലയൻസിന്റെ കൽക്കരി വൈദ്യുത നിലയത്തിൽ നിന്ന് വിഷ ദ്രാവകം ചോർന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുത നിലയത്തിൽ നിന്നുള്ള വിഷലിപ്തമായ വെള്ളം സൂക്ഷിക്കുന്ന കൃത്രിമ കുളം തകർന്നാണ് അപകടം. വിഷ ദ്രാവക ചോർച്ചയെ തുടർന്ന് കുളത്തിനു സമീപം താമസിക്കുന്ന അഞ്ചു ഗ്രാമീണര്‍ ചെളിവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
10 കൽക്കരി വൈദ്യുത നിലയങ്ങളുള്ള സിംഗ്രോലിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ അപകടമാണിത്. റിലയന്‍സ് വൈദ്യുത നിലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വിളകളും സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഗ്രാമീണര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് സിംഗ്രോലി കളക്ടര്‍ കെ.വി.എസ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ഗാസിയാബാദിന് ശേഷം രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള രണ്ടാമത്തെ വ്യവസായ മേഖലയാണ് സിംഗ്രോലിയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. ഈ പ്രദേശത്തെ മലീമസമാക്കുന്നതും ഇവിടെ സ്ഥിതിചെയ്യുന്ന കല്‍ക്കരി വൈദ്യുത പ്ലാന്റുകളാണ്. നേരത്തെ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന പ്ലാന്റിലേയും എസ്സാർ പ്ലാന്റിലേയും കൃത്രിമ കുളത്തിൽ ചോർച്ചയുണ്ടായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ടീം പ്രദേശം സന്ദർശിച്ചിരുന്നു. പ്ലാന്റിലവശേഷിക്കുന്ന ചാരം നിക്ഷേപിക്കുന്ന കുളങ്ങൾ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് എല്ലാ വൈദ്യുതി കമ്പനികളും ട്രൈബ്യൂണലിന് ഉറപ്പ് നൽകിയിരുന്നതാണെന്ന് ഹരിത ട്രൈബ്യൂണലിൽ സിംഗ്രോലിയിലെ മലിനീകരണത്തിനെതിരെ കേസ് നടത്തുന്ന അഭിഭാഷകൻ അശ്വനി ദുബെ മാധ്യമങ്ങളോട് പറഞ്ഞു.