10 April, 2020 04:49:10 AM
കോവിഡ് ബാധിത പ്രദേശങ്ങളെ വേലികെട്ടി ഒറ്റ തിരിച്ച് ഹൈദരാബാദ്
ഹൈദരാബാദ്: വേലികെട്ടിത്തിരിച്ച് ഒരു പ്രദേശത്തെ ആകെ ഒറ്റപ്പെടുത്തി കോവിഡ് പ്രതിരോധം. റോഡിനു കുറുകെ എട്ട് അടിവരെ ഉയരത്തിൽ ബാരിക്കേഡുകൾ നിർമിച്ചാണ് ഹൈദരാബാദിലെ കോവിഡ് ബാധിത പ്രദേശങ്ങളെ അധികൃതർ ഒറ്റപ്പെടുത്തിയിരിക്കുന്നത്. ഓരോ വേലിക്കെട്ടിലും ഇത് കോവിഡ് സഹിത പ്രദേശമാണ്. പ്രവേശനമില്ലെന്ന ബാനറും സ്ഥാപിച്ചിട്ടുണ്ട്.
കൊറോണ ഹോട്സ്പോട്ടുകളിലൊന്നായ മല്ലേപ്പള്ളിയിലും പുറത്തുനിന്ന് ആർക്കും പ്രവേശനമില്ല. ഇവിടെയുള്ളവരെ പുറത്തേക്കും വിടുന്നില്ല. തബ്ലിഗ് ജമാഅത്തിന്റെ പ്രാദേശിക ആസ്ഥാനമാണ് മല്ലേപ്പള്ളി. നിരവധി കൊറോണ പോസിറ്റീവ് കേസുകൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.
പ്രദേശത്തെ മുഴുവൻ അണുമുക്തമാക്കാനുള്ള പ്രവർത്തികളാണ് നടക്കുന്നതെന്ന് മുനിസിപ്പൽ കമ്മീഷണർ ലോകേഷ് കുമാർ പറയുന്നു. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അധികാരികളെ ഉടൻ അറിയിക്കുമെന്നും ലോകേഷ് പറയുന്നു