09 April, 2020 01:46:57 AM
രാജ്യതലസ്ഥാനത്തെ കോവിഡ് തീവ്രമേഖലകളായ 20 സ്ഥലങ്ങൾ പൂർണമായി അടയ്ക്കുന്നു
ദില്ലി: കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തെ 20 സ്ഥലങ്ങൾ പൂർണമായി അടയ്ക്കുന്നു. കോവിഡ് തീവ്രമേഖലകളാണ് അടച്ചിടുന്നത്. മറ്റുസ്ഥലങ്ങളിൽ വീടിന് പുറത്തേക്ക് ഇറങ്ങാൻ മാസ്ക്കും കേജരിവാൾ സർക്കാർ നിർബന്ധമാക്കി. മർകസ് മസ്ജിദ്, നിസാമുദ്ദീൻ ബസ്തി, ദ്വാരകയിലെ ഷാജഹാനാബാദ് സൊസൈറ്റി, മയൂർ വിഹാർ, പട്പർഗഞ്ച്, മാൽവിയ നഗർ, സംഗം വിഹാർ, സീമാപുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളാണ് അടയ്ക്കുന്നത്.
മാസ്ക്ക് ധരിക്കുന്നത് കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ വളരെയധികം സഹായിക്കും. അതിനാൽ വീടിന് പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണ്. തുണി കൊണ്ടുള്ള മാസ്ക്കുകളും ധരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്