07 April, 2020 01:22:33 PM
ഇന്ത്യയില്‍ കോവിഡ് മരണം 114 ആയി : രോഗികള്‍ 4757; ലോക്ക്ഡൗണ്‍ തുടരണമെന്ന് വിവിധ സംസ്ഥാനങ്ങള്‍
ദില്ലി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരണം 114 ആയി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4,421 ആയി ഉയര്‍ന്നു. തിങ്കളാള്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 479 കേസുകളാണ്. 24 മണിക്കൂറിനിടയില്‍ അഞ്ച് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ ഇതാണെങ്കിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി പുറത്തു വന്നതോടെ രോഗികളുടെ എണ്ണം 4,757 ആയി ഉയര്‍ന്നിട്ടുണ്ട്.
ആന്ധ്രയിലെ കുര്‍ണൂലില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് ബാധിതരില്‍ 30 ശതമാനവും തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഈ സ്ഥിതി തുടരുന്നതില്‍ ആരോഗ്യ മന്ത്രാലയത്തിന് വലിയ ആശങ്കയുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം ഈ നിലയില്‍ പോയാല്‍ ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ രാജ്യത്ത് രോഗികളുടെ എണ്ണം 17,000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.
മഹാരാഷ്ട്രയെ തന്നെയാണ് ഇപ്പോഴും കോവിഡ് കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്തിയിരക്കുന്നത്. 45 മരണം ഉള്‍പ്പെടെ 868 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയില്‍ രോഗം സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങുകയാണ്. ശരാശരി നൂറിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. സമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിനോട് 3.25 ലക്ഷം പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്‌മെന്റ് കിറ്റുകളും 9 ലക്ഷം എന്‍ 95 മാസ്‌ക്കുകളും 99 ലക്ഷം ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കുകളും 1200 വെന്റിലേറ്ററുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ധാരാവിക്ക് പിന്നാലെ വര്‍ളി പ്രഭാദേവി മേഖലയിലും രോഗം വ്യാപകമാകുകയാണ്. ഇവിടെ 70 ലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗ്രാന്റ് റോഡില്‍ 50 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ അന്ധേരി വെസ്റ്റിലും ഈസ്റ്റിലും വൈറസ് ബാധയുണ്ട്. മാര്‍ച്ച് 11 ന് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത അന്ധേരിയില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം 100 എന്ന കണക്കിലായിി രോഗികളുടെ എണ്ണം. ഒരു കുടുംബത്തിലെ പത്തു പേര്‍ക്ക് വരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. ഇവര്‍ അടുത്തിടെ ഗുജറാത്തിലെ സൂറത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ജീവനക്കാരില്‍ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച വൊക്കര്‍ഡി ആശുപത്രി അടച്ചുപൂട്ടി. മുന്ന് ഡോക്ടര്‍മാര്‍ക്കും 29 നഴ്‌സുകള്‍ക്കുമേ രോഗമുളെളന്നാണ് ആശുപത്രി അധികൃതരുടെ വാദം. അധികൃതരുടെ അലസത രോഗവ്യാപനം കൂട്ടിയെന്നാണ് ആരോപണം. മറ്റൊരു രോഗത്തിന് ചികിത്സ തേടിയെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു് ഇയാളെ പരിചരിച്ച നഴ്‌സുമാര്‍ക്കാണ് രോഗം പകര്‍ന്നത്്. പത്തു പേര്‍ക്കാണ് ആദ്യം രോഗം ബാധിച്ചത്. ഇവരില്‍ നിന്നും മറ്റുള്ളവര്‍ക്കും പകര്‍ന്നു.
പൂനെയില്‍ ഡിവൈ പാട്ടീല്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 92 ജീവനക്കാരാണ് ക്വാറന്റൈനിലേക്ക് പോയത്. ജോലിക്കിടെ അപടകമുണ്ടായ ഒരു ഓട്ടോ ഡ്രൈവറെ ഇവര്‍ ചികിത്സിച്ചിരുന്നു. ഇയാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നില്‍ തമിഴ്‌നാടുണ്ട്. 621 കേസുകളും ആറ് മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മൂന്നാം സ്ഥാനത്ത് 525 കേസുകളില്‍ ഏഴു മരണവുമായി ഡല്‍ഹിയാണ് മൂന്നാമത്. ഡല്‍ഹിയില്‍ ക്യാന്‍സര്‍ സെന്ററിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും 16 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോവിഡിനെതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സാമ്പികളുകളാണ് ഐസിഎംആര്‍ ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 11,400 സാമ്പിളുകള്‍ നോക്കി. ലോക്ഡൗണ്‍ 13 ാം ദിവസത്തിലേക്ക് കടന്നിരിക്കെ ഒട്ടേറെ സംസ്ഥാനങ്ങളാണ് നീട്ടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍ നീട്ടാന്‍ കഴിഞ്ഞ ദിവസം തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മറ്റു മാര്‍ഗ്ഗമില്ലെന്നും ആദ്യം രക്ഷിക്കേണ്ടത് മനുഷ്യ ജീവനുകളാണ്, അതിന് ശേഷം മതി സമ്പദ് വ്യവസ്ഥയെ രക്ഷിക്കലെന്ന് അദ്ദേഹം പറയുന്നു.
ജൂണ്‍ 3 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയും പറയുന്നത്. അസം, യുപി, പഞ്ചാബ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്ഥിതി വിലയിരുത്താന്‍ ഇന്ന് മന്ത്രിതല സമിതി ചേരുന്ന യോഗത്തിലാണ് ലോക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുക.