07 April, 2020 11:22:37 AM
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് തെലുങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
ഹൈദരാബാദ്: കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബിസിജി സർവേ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്നും സന്പദ് വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാൽ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ അവസാനിക്കാൻ എട്ടുദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് റാവു ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇതിനിടെ തെലുങ്കാനയില്‍ ലോക്ഡൗണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിയ്ക്കിടെ അസാധാരണമായി ചുമച്ചതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥന് ഇദ്ദേഹത്തോട് കോവിഡ് പരിശോധനയ്ക്ക് വിധേയനാവാന്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ സഹപ്രവര്‍ത്തകരെല്ലാം നിരീക്ഷണത്തിലാണ്.