06 April, 2020 11:58:05 PM


ലോക്ഡൗണ്‍: ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികള്‍ നരകയാതനയില്‍



കോട്ടയം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജീവനക്കാര്‍ നരകതുല്യമായ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണെന്ന് കേരള ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ ദിനംപ്രതിയുള്ള പ്രഖ്യാപനങ്ങളിൽ ഈ നാട്ടിലെ താഴെക്കിടയിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചിട്ടും തങ്ങളെ മാത്രം അവഗണിക്കുന്നതില്‍ ഇവര്‍ ആശങ്ക രേഖപ്പെടുത്തി.


പ്രളയവും സുനാമിയും എന്നുവേണ്ട എന്ത് മഹാമാരികൾ വന്നാലും കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന്  സൗജന്യമായി സേവനങ്ങൾ ചെയ്യുന്നവരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. സ്വമേധയാ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ്  പോലീസിന്‍റെയും ജില്ലാ ഭരണാധികാരികളുടെയും നിർദേശം അനുസരിച്ച് യാതൊരു ലാഭേച്ഛയും നോക്കാതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടത അനുഭവിക്കുന്നവർക്ക് നല്‍കുന്ന സേവനങ്ങള്‍. കുടിവെള്ളവും വെളിച്ചവും കൊടുത്തും പോലീസുകാർക്ക് അനൗൺസ്മെന്‍റുകൾ നടത്തുവാന്‍ സൗജന്യമായി വാഹനവും സൗണ്ട് സിസ്റ്റവും വിട്ടുനല്‍കിയും  മഹാമാരികൾ വരുമ്പോൾ  അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളിൽ ഈ മേഖലയിലുള്ളവര്‍ മുന്നിട്ടുതന്നെ നില്‍ക്കുന്നുണ്ട്. തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം മറന്നാണ് ലൈറ്റ് ആന്‍റ് സൌണ്ട് മേഖലയിലെ തൊഴിലാളികള്‍ ഈ സേവനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ഭാരവാഹികള്‍ പറയുന്നു.


കഷ്ടതകള്‍ ചൂണ്ടികാട്ടി നിവേദനം നല്‍കിയിട്ടും മുഖ്യമന്ത്രിയോ മറ്റ് ജനപ്രതിനിധികളോ കണ്ടില്ലെന്ന് നടിക്കുന്നതിലാണ് തങ്ങളുടെ വിഷമമെന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ പറയുന്നു. കൊവിഡ് 19 നെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും സര്‍ക്കാരിനോട് ചേര്‍ന്ന് നിന്ന് സൌജന്യമായി വാഹനങ്ങളില്‍ സൌണ്ട് സിസ്റ്റം ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഈ മേഖലയിലെ തൊഴിലാളികള്‍ രംഗത്തുണ്ടായിരുന്നു. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ലൈറ്റ് ആന്‍റ് സൌണ്ട്, പന്തല്‍, അനൌണ്‍സ്മെന്‍റ് അനുബന്ധമേഖലകളിലായി സംസ്ഥാനത്ത് തൊഴിലില്ലാതെ കഷ്ടതയനുഭവിക്കുന്ന 40000ലധികം ആളുകളാണുള്ളത്.


ഇവരുടെ കുടുംബങ്ങള്‍ പട്ടിണി കൂടാതെ ജീവിക്കുന്നതിനുതകുന്ന രീതിയില്‍ വേണ്ട സഹായങ്ങള്‍ നല്‍കാനും സഹകരണബാങ്കുകളില്‍ നിന്നും മറ്റും പലിശരഹിതവായ്പകള്‍ ലഭ്യമാക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലൈറ്റ് ആന്‍റ് സൌണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് റഹിം കുഴിപ്പുറം, ജനറല്‍ സെക്രട്ടറി ബിജു കെ.വി., ട്രഷറര്‍ പി.എച്ച്.ഇക്ബാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K