05 April, 2020 11:22:49 PM
മഹാമാരിക്കെതിരെ ദീപം തെളിയിച്ച് രാജ്യം; പങ്കാളികളായി വിദേശ നയതന്ത്ര കാര്യാലയങ്ങളും
ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യ സന്ദേശമായി രാജ്യമെങ്ങും ദീപങ്ങള്‍ തെളിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്താണ് ജനങ്ങള്‍ ദീപം തെളിയിച്ചത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ഒന്‍പത് മിനിറ്റ് നേരത്തേക്ക് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. രാത്രി ഒമ്പത് മണിയ്ക്ക് പ്രധാനമന്ത്രിയും ദീപം തെളിച്ചു. താന്‍ ദീപം തെളിയിക്കുന്നതിന്‍റെ നാല് ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഉള്‍പ്പെടെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു.
നേരത്തെ പ്രധാനമന്ത്രി മോഡിയുടെ ആഹ്വാനത്തില്‍ പങ്കാളിയാകുമെന്ന് വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ ദീപം തെളിയിക്കലില്‍ പങ്കാളിയായി. ഒന്‍പത് മണിക്ക് ലൈറ്റുകള്‍ ഓഫ് ചെയ്ത് മെഴുകുതിരി തെളിയിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി നേരത്തെ അറിയിച്ചിരുന്നു.
സാമൂഹ്യ അകലം പാലിക്കാനും ശരിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രതിജ്ഞയെടുക്കുമെന്നും അഫ്ഗാന്‍ സ്ഥാനപതി അറിയിച്ചു. ഇത് പ്രകാരമാണ് അഫ്ഗാന്‍ സ്ഥാനപതി കാര്യാലയത്തില്‍ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായി യോജിക്കുന്നുവെന്ന് അറിയിച്ച ബംഗ്ലാദേശ്, നേപ്പാള്‍ സ്ഥാനപതിമാരും ദീപം തെളിയിക്കലില്‍ പങ്കാളികളായി. വിയറ്റ്‌നാം, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇസ്രായേല്‍, ജര്‍മ്മനി, ടുണീഷ്യ, മെക്‌സിക്കോ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സഥാനപതിമാരും ദീപം തെളിയിക്കലില്‍ പങ്കാളികളായി. ബ്രിട്ടീഷ് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംസണും ദീപം തെളിയിച്ചു