04 April, 2020 05:21:30 PM


കോവിഡ് ബാധിതന്‍റെ അമ്മയുടെ മരണാനന്തര ച‌ടങ്ങിൽ പങ്കെടുത്തത് 1500 പേര്‍: ഒരു ഗ്രാമം അടച്ചു



ഭോപ്പാൽ: മധ്യപ്രദേശിൽ ദുബായിൽ നിന്നെത്തിയ ആളിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മോറേന എന്ന ഗ്രാമം അടച്ചിട്ടു. പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടർന്നാണ് ഗ്രാമം അടച്ചത്. മാര്‍ച്ച് 17ന് ദുബായില്‍നിന്നെത്തിയ സുരേഷ് എന്നയാൾക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.


അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ സൽക്കാരത്തിൽ 1500 ഓളം പേര്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് 25ന് ഇയാൾ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. നാല് ദിവസങ്ങള്‍ക്കുശേഷമാണ് ഇയാളും ഭാര്യയും ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്.


വ്യാഴാഴ്ച ദമ്പതികള്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയവരോടു ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇയാളുടെ 23 ബന്ധുക്കളില്‍ 10 പേര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങി.സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച 12 പേരില്‍ 8 പേരും സ്ത്രീകളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K