04 April, 2020 03:25:09 PM


സൗജന്യ റേഷന്‍ വിതരണം; കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും




കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഞായറാഴ്ചയും നടക്കും. ഇതിനായി എല്ലാ റേഷന്‍ കടകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതലാണ് സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. റേഷന്‍ കാര്‍ഡിന്‍റെ അവസാന അക്കത്തിന്‍റെ ക്രമത്തിലാണ് റേഷന്‍ വിതരണം. 


ഇന്നലെ വരെ 0 മുതല്‍ 5 വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് റേഷന്‍ നല്‍കി. ഇന്ന് 6,7 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് റേഷന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 5ന് 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് റേഷന്‍ ലഭിക്കും. നിശ്ചിത ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.


സാമൂഹ്യ അകലം പാലിക്കേണ്ടതിനാലാണ് റേഷന്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റേഷന്‍ കടകളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ക്രമീകരണങ്ങള്‍ കടയുടമകള്‍ ചെയ്തിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തിന് രാവിലെയും ഇതര വിഭാഗങ്ങള്‍ക്ക് ഉച്ചകഴിഞ്ഞുമാണ് റേഷന്‍ നല്‍കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K