04 April, 2020 12:54:43 PM
'നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടെ'; മാധ്യമപ്രവർത്തകരോട് യു.പ്രതിഭ എംഎൽഎ
ആലപ്പുഴ: 'നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടെ' എന്ന് മാധ്യമപ്രവർത്തകരോട് കായംകുളം എംഎൽഎ യു പ്രതിഭ. കോവിഡ് കാലത്തെ എംഎൽഎയുടെ പ്രവർത്തനത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ വിമർശിക്കുകയും സിപിഎം ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നത് വാർത്തയാക്കിയതാണ് മാധ്യമപ്രവർത്തകർക്കെതിരെ തിരിയാൻ എംഎൽഎയെ പ്രേരിപ്പിച്ചത്. ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെയാണ് സിപിഎം എംഎൽഎ പൊട്ടിത്തെറിച്ചത്.
വർക്ക് അറ്റ് ഹോം സ്റ്റാറ്റസുമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിഭ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട എം എൽ എ ഓഫീസ് പൂട്ടി വീട്ടിലിരിക്കുന്നത് ഡിവൈ എഫ് ഐ പ്രവർത്തകർ വിവാദമാക്കി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. ഇതിന് മറുപടിയുമായി പ്രതിഭ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പ്രതിരോധ കാലത്ത് കോവിഡിനെക്കാൾ വലിയ വിഷവൈറസുകൾ ജനപ്രതിനിധികൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നായിരുന്നു ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിനുള്ള പ്രതിഭയുടെ മറുപടി. ലോക് ഡൗൺ കാലം കഴിഞ്ഞ് വാവാ സുരേഷിനെ ഇറക്കുമെന്നും പ്രതിഭ പരിഹസിച്ചിരുന്നു.
എം എൽ എയുടെ മറുപടിയും ഡിവൈഎഫ്ഐയുമായുള്ള തമ്മിലടിയും ഇതോടെ വിവാദമായി. എംഎൽഎക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യണമെന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഓഡിയോ സന്ദേശം കൂടി പുറത്തു വന്നതോടെ സിപിഎം നേതൃത്വം ഇടപെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ മാധ്യമങ്ങളോട് വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ കൂടി ആയതോടെ സംഭവം വാർത്തയായി. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഫേസ് ബുക്ക് ലൈവുമായി വീണ്ടും പ്രതിഭ എത്തിയത്. പാര്‍ട്ടിയുമായോ സംഘടനയുമായോ ബന്ധപ്പെട്ടല്ല, വ്യക്തിപരമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണിതെന്നും പ്രതിഭ ചൂണ്ടികാട്ടുന്നു.
"ഒരു മഹാപ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒന്നോ രണ്ടോ പേര് എന്തെങ്കിലും പറഞ്ഞാല്‍, സോഷ്യല്‍ മീഡിയായില്‍ എന്തെങ്കിലും പോസ്റ്റിട്ടാല്‍ അതിനെ പെരുപ്പിച്ച് കാട്ടി ഈ ലോകത്തെ മുഴുവന്‍ മനുഷ്യരേയും തെറ്റിദ്ധരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട്... എനിക്കൊന്നേ പറയാനുള്ളു. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലത്. ആണായാലും പെണ്ണായാലും. ദയവുചെയ്ത്... നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നുമില്ലേ കൊടുക്കാനായിട്ട്. ഷെയിം..." ഇതാണ് പ്രതിഭ വീഡിയോയിലൂടെ പറഞ്ഞ വാക്കുകള്‍.. ദയനീയത കൊണ്ട് ശരീരം വിറ്റു ജീവിക്കുന്ന ഒരു പാട് സ്ത്രീകള്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്യുന്നുവെന്നും പ്രതിഭ ചൂണ്ടികാട്ടുന്നു. ആലപ്പുഴയിൽ വനിതാ മതിലിന് നേതൃത്വം കൊടുത്തയാളാണ് പ്രതിഭ.