03 April, 2020 09:48:09 AM


ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ നേരിടണം - മോദി



ദില്ലി: കോവിഡ് 19 എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങൾ ഒരുമിച്ചാണ് പോരാടുന്നത്. 


ഈ വരുന്ന ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് നിമിഷത്തേക്ക് എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണയ്ക്കണം. പകരം വീടിന് മുന്നിലോ ബാൽക്കണിയിലോ മെഴുകുതിരി, ദിയ, ടോർച്ച് അല്ലെങ്കിൽ മൊബൈൽ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം. ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിന്‍റെ കരുത്തിൽ നമുക്ക് തെളിയിക്കണം. മോദി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.


കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒൻപത് ദിവസം പിന്നിട്ടു. ഇതിന് പൂര്‍ണ്ണ പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ടായിരുന്നു മോദി ആരംഭിച്ചത്. ജനതാ കർഫ്യുവും ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിക്കലും അടക്കം ലോകത്തിന് തന്നെ മാതൃകയായി നമ്മുടെ രാജ്യം. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ലോകം തന്നെ മാതൃകയാക്കുന്നുണ്ട്.


രാജ്യം ഒറ്റക്കെട്ടായാണ് ഇതിനെതിരെ പോരാടുന്നത്. ഈ പോരാട്ടം തുടരണം. കൊറോണയുടെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് കടക്കാൻ വെളിച്ചം തെളിയിക്കേണ്ടതുണ്ട്. 130 കോടി ജനങ്ങളുടെ കരുത്തും പ്രകടമാക്കുന്നതാകും ഈ വെളിച്ചം മോദി പറഞ്ഞു. ഇതിന്‍റെ പേരിൽ ആരും ഒത്തുകൂടരുതെന്നും സാമൂഹിക അകലം പാലിക്കുകയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള എറ്റവും ഫലപ്രദമായ കാര്യമെന്നും പ്രത്യേകം ഓർമിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K