03 April, 2020 12:13:01 AM
അതിർത്തി തർക്കം: ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രിം കോടതിയിൽ
ദില്ലി: അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേരളത്തിലെ കാസർകോട് ജില്ലയിലേക്ക് ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്നാണ് കര്‍ണാടകം സമർപ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. അപ്പീലിനെതിരെ കേരളം തടസഹര്‍ജി നല്‍കിയിട്ടുണ്ട്. ഹർജി ജസ്റ്റിസുമാരായ നാഗേശ്വര റാവുവും ദീപക് ഗുപ്തയും ഉൾപ്പെടുന്ന ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.
സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്നാണ് കേരള ഹൈക്കോടതി ബുധനാഴ്ച വൈകിട്ട് ഉത്തരവിട്ടത്. എന്നാൽ അതു നടപ്പാക്കാൻ കർണാടകം വ്യാഴാഴ്ച തയാറായിരുന്നില്ല. നിലവില്‍ കാസര്‍കോട് നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡയിലെ ജില്ലാ ഭരണകൂടം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രം അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.