02 April, 2020 12:12:46 PM
കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു; ഡോക്ടർമാരെ കയ്യേറ്റം ചെയ്ത് ബന്ധുക്കൾ
ഹൈദരാബാദ്: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന രോഗി മരിച്ചതോടെ ഡോക്ടർമാരെ കയ്യേറ്റം ചെയ്ത് ബന്ധുക്കൾ. തെലുങ്കാനയിലെ ഗാന്ധി മെഡിക്കൽ ആശുപത്രിയിലായിരുന്നു സംഭവം. തെലങ്കാന ജൂനിയർ ഡോക്ടര്‍മാരുടെ വാക്കുകൾ അനുസരിച്ച് കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് 27 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബുധനാഴ്ചയോടെ മരിച്ചു. ഇയാൾ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നതായാണ് സൂചന.
ഇയാളുടെ ബന്ധുക്കളായ മൂന്ന് പേരെയും കൊറോണ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 49കാരനായ രോഗിയുടെ മരണം ഇവരെ അറിയിച്ചതോടെ ഇവർ ഡ്യൂട്ടി ഡോക്ടർമാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഡോക്ടറാണ് മരണത്തിന് ഉത്തരവാദി എന്നാരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് ഡോക്ടർമാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ആക്രമിച്ച ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കർശന നടപടികള്‍ തന്നെയുണ്ടാകുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് ആരോഗ്യപ്രവർത്തകർ കോവിഡ് 19 രോഗികൾക്കായി രാവും പകലും ജോലിയെടുക്കുന്നത്. ഇവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് തെലങ്കാന ഡിജിപി പ്രതികരിച്ചത്.