01 April, 2020 12:08:52 AM
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 128 പേർക്ക് കോവിഡ്; സംഘടാകര്‍ക്കെതിരെ കേസ്
ദില്ലി: നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 128 പേരിൽ കോവിഡ്–19 സ്ഥിരീകരിച്ചു. സമ്മേളനത്തിനെത്തിയ 2137 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 900 വിദേശികളും സമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം, മൗലാന സാദ് ഉള്‍പ്പെടെയുള്ള തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം കേസെടുത്തു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് കേസ്. എപ്പിഡമിക് ഡിസീസ് ആക്ടിന്റെ 269, 270, 271 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത തബ്ലീഗ് സമ്മേളനത്തില്‍ 824 വിദേശികളും പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുക, ആരാധനാലയങ്ങളിലോ പരിസര പ്രദേശങ്ങളിലോ പ്രസംഗിക്കുക, മതവുമായി ബന്ധപ്പെട്ട ശബ്ദ-ദൃശ്യ അവതരണം നടത്തുകയോ, ലഘുലേഖകള്‍ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വിസ അനുവദിക്കുന്നത്. എന്നാല്‍ തൗഹീദ് ജമാ അത്ത് ഏഷ്യന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെല്ലാം ഈ വിസാ ചട്ടം ലംഘിച്ചു. ടൂറിസ്റ്റ് വിസയിലാണ് ഭൂരിഭാഗം പേരും ഇന്ത്യയില്‍ എത്തിയത്. ഇവരെ ആഭ്യന്തര മന്ത്രാലയം വിലക്കിയേക്കുമെന്നും സൂചനയുണ്ട്.
സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 334 പേരെ കൊവിഡ് ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ വിവിധയിടങ്ങളിലായി എഴുന്നൂറോളം പേരെ ക്വാറന്റീനിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് നേരത്തെ ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 17 മുതല്‍ 19 വരെയായിരുന്നു സമ്മേളനം. പങ്കെടുത്ത ആയിരക്കണക്കിനാളുകള്‍ ദിവസങ്ങളോളം പള്ളിയിലും നിസാമുദീന്‍ മേഖലയിലും താമസിച്ചു. ഇവര്‍ എവിടെയൊക്കെ സന്ദര്‍ശിച്ചുവെന്ന് വ്യക്തതയില്ല. കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവടങ്ങളില്‍ നിന്ന് ആയിരം പേര്‍ വീതവും സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍, തായ്ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.