31 March, 2020 06:49:05 PM


'വീ ഷാല്‍ ഓവര്‍ കം' - പിയറിയും കൂട്ടരും പറയുന്നു; 'കോട്ടയത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്'



കോട്ടയം: "വീ ഷാല്‍ ഓവര്‍ കം, വീ ഷാല്‍ ഓവര്‍കം....". അശുഭ വാര്‍ത്തകളുടെ നടുവിലിരിക്കുമ്പോഴും എല്ലാം ശരിയാകുന്ന ഒരു ദിവസം സ്വപ്നം കണ്ടാണ് പിയറി ചൗസിവും കൂട്ടുകാരും ഇങ്ങനെ പാടുന്നത്. സ്വന്തം നാട്ടില്‍ നൂറുകണക്കിനാളുകള്‍ കൊറോണ ബാധിച്ചു മരിക്കുന്നു. ഇന്ത്യയില്‍ രോഗം പടര്‍ന്നുപിടിക്കുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോണ്‍ കോളുകളിലും സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് ആശങ്കകളാണ്. എല്ലാവരോടും ഇവര്‍ ആവര്‍ത്തിക്കുന്നു-കേരളത്തില്‍ ഞങ്ങള്‍ സുരക്ഷിതരും സന്തുഷ്ടരുമാണ്.


കേരളം കാണാനുള്ള യാത്രക്കിടെയാണ് മാര്‍ച്ച് 16ന് ഫ്രാന്‍സില്‍നിന്നുള്ള എന്‍ജിനീയറായ  പിയറിയും ഭാര്യ മറീന്‍ സെന്‍ഡ്രിയറും കൊറോണ നീരിക്ഷണത്തിലായത്. കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നും പാലാ ജനറല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ തലേന്ന് ഇതേ രീതിയില്‍ എത്തിയ സ്പെയിന്‍ കാരായ ഡേവിഡ് റൂയിസ് മാര്‍ട്ടിനെസും ലിയ മാത്താസ് ഇ വീലയും അവിടെയുണ്ടായിരുന്നു. ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെങ്കിലും വിദേശത്തുനിന്ന് എത്തിയവരായതിനാല്‍ മുന്‍കരുതലിന്‍റെ ഭാഗമായി ക്വാറന്‍റയിന്‍ നിര്‍ദേശിക്കുകയായിരുന്നു.


ആശുപത്രിയില്‍ കഴിയുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ ജില്ലാ ഭരണകൂടം പകരം താമസ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയായി. വിദേശികളെ കൊറോണ നിരീരിക്ഷണത്തില്‍ സുരക്ഷിതമായി താമസിപ്പിക്കാനും ഭക്ഷണം നല്‍കാനും ആരും സന്നദ്ധരാകാത്ത സാഹചര്യത്തിലാണ് ഇവര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയത്. പിന്നീട് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് നാലുപേരുടെയും സാമ്പിളുകള്‍ ശേഖരിച്ചു. ഫലം നെഗറ്റീവായിരുന്നു.


വിമാന സര്‍വീസുകള്‍ നിലയ്ക്കുകയും മടക്കയാത്ര മുടങ്ങുകയും ചെയ്തതോടെ ഇവരുടെ ലോകം ഇവിടുത്തെ മുറികളില്‍ ഒതുങ്ങി. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി. നല്ല ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍  ലഭ്യമാക്കിയതിനും തങ്ങളുടെ ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി പറയുകയാണിവര്‍.


ഫ്രഞ്ച്, സ്പെയിന്‍ എംബസികള്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നാണ് കൂട്ടുകാര്‍ ധരിച്ചിരുന്നത്. അവിടുത്തേക്കാള്‍ സുരക്ഷിതനാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഞങ്ങള്‍ സാഹചര്യം മനസിലാക്കിയിരുന്നില്ല. ഇപ്പോള്‍ സ്ഥിതി സങ്കീര്‍ണമാണ്. എല്ലാവരും താമസിക്കുന്നിടത്ത് തുടരുക. സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക-പിയറി പറഞ്ഞു. കോട്ടയത്തെ താമസ സ്ഥലം മറ്റൊരു വീടു പോലെയാണ് തോന്നുന്നതെന്ന് മറീന്‍ സെന്‍ഡ്രിയറും ലിയ മാത്താസും പറഞ്ഞു. പ്രതിസന്ധിയുടെ നാളുകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ് ഇവര്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K